'എല്ലാം യമുനാനദിയുടെ ശാപമാ..'; രാജിക്കത്ത് നല്‍കാനെത്തിയ അതിഷിയോട് ലഫ്റ്റനന്റ് ഗവര്‍ണര്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി തോറ്റതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് അതിഷി മാര്‍ലേന. രാജ്ഭവനിലെത്തി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയ്ക്കാണ് അതിഷി രാജിക്കത്ത് കൈമാറിയത്. അതേസമയം യമുനാ നദിയുടെ ശാപം മൂലമാണ് ആം ആദ്മി പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതെന്ന് സ്ഥാനമൊഴിയുന്ന അതിഷിയോട് സക്സേന പറഞ്ഞതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
യമുനയുടെ അവസ്ഥ ഉള്‍പ്പെടെയുള്ള പൊതു ആശങ്കകളെ ക്കുറിച്ച് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത് അവഗണിച്ചു എന്ന് സക്‌സേന നേരത്തേയും ആരോപിച്ചിരുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ യമുനയുടെ വൃത്തി പ്രധാന പ്രചാരണ വിഷയമായിരുന്നു. ഹരിയാന സര്‍ക്കാര്‍ യമുനയില്‍ വിഷം കലര്‍ത്തുകയാണെന്ന് എ എ പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചിരുന്നു.

എന്നാല്‍ യമുനയെ ഡല്‍ഹിയുടെ ഐഡന്റിറ്റിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് മറുപടി നല്‍കിയത്. 70 അംഗ നിയമസഭയില്‍ 48 സീറ്റ് നേടിയാണ് ബി ജെ പി ദേശീയ തലസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തിയത്. 27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് 22 സീറ്റാണ് ലഭിച്ചത്.
2015 ല്‍ 67 ഉം 2020 ല്‍ 60 ഉം സീറ്റ് നേടിയ പാര്‍ട്ടിയാണ് 22 സീറ്റിലേക്ക് ഒതുങ്ങിയത്. അതേസമയം ആം ആദ്മി പാര്‍ട്ടിക്ക് മുന്‍പ് 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് ഇത്തവണയും ഒറ്റ സീറ്റില്‍ പോലും ജയിക്കാനായില്ല. അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും അടക്കമുള്ള ആം ആദ്മി പാര്‍ട്ടിയുടെ വമ്പന്‍ നേതാക്കള്‍ തോറ്റത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. അതിഷി വോട്ടെണ്ണലിന്റെ അവസാന നിമിഷത്തിലാണ് ജയിച്ച് കയറിയത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കല്‍ക്കാജി സീറ്റ് നിലനിര്‍ത്താന്‍ അതിഷിക്ക് കഴിഞ്ഞത്. ബിജെപിയുടെ രമേഷ് ബിധുരിയെ 3521 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അതിഷ് സീറ്റ് നിലനിര്‍ത്തിയത്. അതിനിടെ, ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന ഡല്‍ഹിയുടെ ഏഴാം നിയമസഭ പിരിച്ചുവിട്ടു. ഡല്‍ഹിയില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ വൈകാതെ അധികാരത്തിലേറും.












Click it and Unblock the Notifications