ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്‌റോയ് പുതിയ ഡൽഹി മേയർ, ആലി മുഹമ്മദ് ഇഖ്ബാൽ ഡെപ്യൂട്ടി മേയർ
നാമനിർദേശം ചെയ്ത അംഗങ്ങളുടെ വോട്ടിങ് അവകാശത്തെ ചൊല്ലി മൂന്ന് തവണയും തിരഞ്ഞെടുപ്പ് തടസപ്പെട്ടിരുന്നു.

ഡൽഹി മേയർ തിരഞ്ഞെടുപ്പിൽ എഎപിയുടെ ഷെല്ലി ഒബ്‌റോയ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു.ആലി മുഹമ്മദ് ഇഖ്ബാൽ ഡെപ്യൂട്ടി മേയറാകും.
നാമനിർദേശം ചെയ്ത അംഗങ്ങളുടെ വോട്ടിങ് അവകാശത്തെ ചൊല്ലി മൂന്ന് തവണയും തിരഞ്ഞെടുപ്പ് തടസപ്പെട്ടിരുന്നു. മൂന്നാം തവണയും ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തിൽ ലഫ്റ്റനന്റ് ഗവർണറോട് സുപ്രീംകോടതി പ്രതികരണവും തേടിയിരുന്നു. തുടർന്നായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ് ഉണ്ടായത്. പിന്നീടാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുക്കപ്പെട്ട 250 കൗൺസിലർമാരും ഡൽഹിയിൽ നിന്നുള്ള ഏഴ് ലോക്‌സഭാ, മൂന്ന് രാജ്യസഭാ എംപിമാരും 14 എംഎൽഎമാരും ഉൾപ്പെടുന്നതാണ് മേയർ തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളജ്. ഡൽഹി നിയമസഭാ സ്പീക്കർ നാമനിർദേശം ചെയ്ത 13 എഎപി എംഎൽഎമാർക്കും ഒരു ബിജെപി അംഗത്തിനും വോട്ടുണ്ട്.
ഡിസംബർ ഏഴിന് നടന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടിയാണ് ആംആദ്മി പാർട്ടി നൽകിയത്. തിരഞ്ഞെടുപ്പ് നടന്ന ആകെയുളള 250 സീറ്റുകളിൽ 134ലും എഎപി വിജയിച്ചപ്പോൾ, ബിജെപിയ്ക്ക് 104 സീറ്റുകളിലെ വിജയിക്കാൻ സാധിച്ചിരുന്നുളളൂ.
ഡൽഹി ഈസ്റ്റ് പട്ടേൽ നഗർ വാർഡിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്‌റോയി ഡൽഹി യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. 2013 മുതൽ എഎപിയിൽ പ്രവർത്തിക്കുന്ന ഷെല്ലിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയമായിരുന്നു. ബിജെപിയുടെ മേയർ സ്ഥാനാർഥി രേഖ ഗുപ്തയ്‌ക്കെതിരേ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഡൽഹിയുടെ ആദ്യ വനിതാ മേയറായി ഷെല്ലി ഒബ്രോയ് തിരഞ്ഞെടുക്കപ്പെട്ടത്.
കോർപ്പറേഷനിലേക്ക് ലെഫ്. ഗവർണർ നാമനിർദേശം ചെയ്ത ബി.ജെ.പിക്കാരായ പത്ത് അംഗങ്ങളുടെ പേരിലാണ് മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബഹളം ആരംഭിക്കുന്നത്. ആ ആം ആദ്മി പാർട്ടിക്ക് അനുകൂലമായ ജനവിധി അട്ടിമറിക്കാൻ ബി.ജെ.പി. ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. 250 വാർഡിൽ ആപ്പ് 134 വാർഡിലും ബി.ജെ.പി. 104 സീറ്റിലുമായിരുന്നു ജയിച്ചത്. കോൺഗ്രസിന് ഒമ്പത് സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
ഡിസംബറിൽ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിനു ശേഷം ജനുവരി ആറിന് ആയിരുന്നു ആദ്യത്തെ കൗൺസിൽ യോഗം ചേർന്നത്. എന്നാൽ നാമനിർദേശം ചെയ്യുപ്പെട്ട അംഗങ്ങളെ ആദ്യംതന്നെ സത്യപ്രതിജ്ഞചെയ്യാൻ വിളിച്ചതോടെ പ്രതിഷേധം ഉടലെടുക്കുകയും സഭ പിരിയുകയും ചെയ്തു. ജനുവരി 24ന് ചേർന്ന രണ്ടാം യോഗവും തർക്കങ്ങളുണ്ടായി
ഈമാസമാദ്യം ചേർന്ന മൂന്നാം യോഗത്തിൽ, നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടവകാശമുണ്ടായിരിക്കുമെന്ന ബി.ജെ.പി. അംഗം കൂടിയായ വരണാധികാരി സത്യ ശർമയുടെ പ്രഖ്യാപനത്തെതുടർന്നായിരുന്നുബഹളം തുടങ്ങിയത്. നിലവിലെ വരണാധികാരിയുടെ അധ്യക്ഷതയിൽതന്നെ തിരഞ്ഞെടുപ്പുകൾ തുടർച്ചയായി നടത്തുമെന്നുള്ള പ്രഖ്യാപനവും വലിയ എതിർപ്പിനുവഴിവെച്ചു. മൂന്നാംയോഗവും ബഹളത്തിൽ പിരിഞ്ഞതോടെയാണ് ആം ആദ്മി പാർട്ടി സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞദിവസം ഹർജിപരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നാമനിർദേശം ചെയ്യപ്പെട്ടവർക്ക് വോട്ടവകാശമുണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആദ്യം മേയർ തിരഞ്ഞെടുപ്പ് നടത്തണമെന്നും പിന്നീട് മേയറുടെ അധ്യക്ഷതയിൽ വേണം ബാക്കി തിരഞ്ഞെടുപ്പുകളെന്നും കോടതി ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പ് വൈകരുതെന്ന കോടതി നിർദേശത്തിനുപിന്നാലെയാണ് സർക്കാരിന്റെ ശുപാർശപ്രകാരം ബുധനാഴ്ച മേയർ തിരഞ്ഞെടുപ്പ് നിശ്ചയിച്ച് ലെഫ്. ഗവർണറുടെ വിജ്ഞാപനം വന്നത്.












Click it and Unblock the Notifications