ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം; ഏഴിടത്ത് വിജയം നേടി ബിജെപി, കോണ്‍ഗ്രസ് ഒരിടത്ത് മാത്രം
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടി ബിജെപി. തിരഞ്ഞെടുപ്പ് നടന്ന 12ല്‍ ഏഴ് സീറ്റും ബിജെപി നേടി. പല വാര്‍ഡുകളിലും വന്‍ ഭൂരിപക്ഷമാണ് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത്. അതേസമയം, കോണ്‍ഗ്രസ് ഒരിടത്ത് മാത്രമാണ് ജയിച്ചത്. സമ്പൂര്‍ണ ഫലം വന്നപ്പോള്‍ എഎപി ഉള്‍പ്പെടെ പിന്നാക്കം പോയി.
2022ലാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് നടന്നത്. ഈ വര്‍ഷം ആദ്യത്തില്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞടുപ്പ് നടന്നിരുന്നു. ചില കൗണ്‍സിലര്‍മാര്‍ നിയമസഭയിലേക്ക് മല്‍സരിച്ച് ജയിച്ചതും ചില കൗണ്‍സിലര്‍മാര്‍ മരിച്ചതുമെല്ലാമാണ് ഉപതിരഞ്ഞടുപ്പിന് കാരണം. നേരത്തെ കൗണ്‍സിലര്‍ ആയിരുന്ന രേഖ ഗുപ്ത ഇപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രിയാണ്.

2022ല്‍ നടന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ 50.47 ശതമാനമായിരുന്നു പോളിങ്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ 38.51 ശതമാനമായി പോളിങ് കുറഞ്ഞു. ഇന്ന് രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. പത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരുന്നത്. വോട്ടെണ്ണല്‍ തുടങ്ങിയ വേളയില്‍ തന്നെ ബിജെപിയുടെ മുന്നേറ്റം പ്രകടമായിരുന്നു.
ഏഴ് സീറ്റ് ബിജെപി നേടി. മൂന്ന് സീറ്റില്‍ എഎപി ജയിച്ചു. ഓരോ സീറ്റ് വീതം കോണ്‍ഗ്രസിനും ഫോര്‍വേഡ് ബ്ലോക്കിനും ലഭിച്ചു. ബിജെപിയുടെ 9 സിറ്റിങ് വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. രണ്ടിടത്ത് ബിജെപിക്ക് സീറ്റ് നഷ്ടമായി. രേഖ ഗുപ്ത ഒഴിഞ്ഞ ഷാലിമാര്‍ ബാഗ് ബി സീറ്റില്‍ ഇത്തവണ ബിജെപിക്ക് വേണ്ടി മല്‍സരിച്ചത് അനിത ജെയ്ന്‍ ആയിരുന്നു. 10000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവരുടെ വിജയം. എഎപിയുടെ ബബിത റാണയെ ആണ് അനിത പരാജയപ്പെടുത്തിയത്.
ബിജെപിയുടെ സുമന്‍ കുമാര്‍ ഗുപ്ത ജയിച്ചത് 1182 വോട്ടുകള്‍ക്കാണ്. എഎപിയുടെ ഹര്‍ഷ് ശര്‍മയായിരുന്നു എതിരാളി. ധ്വാരക-ബി വാര്‍ഡില്‍ 7307 വോട്ടുകള്‍ക്ക് ബിജെപി ജയിച്ചു. വിനോദ് നഗറില്‍ 1769 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ജയം. അശോക് വിഹാറില്‍ 405 വോട്ടിന് ബിജെപി ജയിച്ചു. ഗ്രേറ്റര്‍ കൈലാഷില്‍ 4065 വോട്ടുകള്‍ക്കാണ് ബിജെപി ജയിച്ചത്. സഘം വിഹാറില്‍ 3628 വോട്ടുകള്‍ക്കും ജയിച്ചു.
മുണ്ട്കയില്‍ എഎപി 1577 വോട്ടിനാണ് ജയിച്ചത്. ദക്ഷിണപുരിയില്‍ 2262 വോട്ടുകള്‍ നേടിയായിരുന്നു എഎപിയുടെ വിജയം. നരിയാനയില്‍ 148 മാത്രം നേടി കഷ്ടപ്പെട്ടാണ് എഎപി ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേഷ് ചൗധരി ജയിച്ചത് സംഘം വിഹാര്‍-എ വാര്‍ഡിലാണ്. ബിജെപിയുടെ സുഭ്ജീത് ഗൗതമിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ഥി മുഹമ്മദ് ഇമ്രാന്‍ 4692 വോട്ടുകള്‍ക്ക് എഎപിയുടെ മുദസ്സര്‍ ഉസ്മാനെ പരാജയപ്പെടുത്തിയത് ചാന്ദ്‌നി മഹല്‍ വാര്‍ഡിലാണ്.












Click it and Unblock the Notifications