കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ഗ്യാസ് ചേംബര്‍... 'അടിയന്തരാവസ്ഥ', വാഹനങ്ങള്‍ക്കു നിയന്ത്രണം, പാര്‍ക്കിങ് ഫീ കുത്തനെ കൂട്ടി

ട്രക്കുകള്‍ക്കു നിയന്ത്രണം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്പ്പിച്ചു

  • By Manu
Google Oneindia Malayalam News

ദില്ലി: കടുത്ത വായു മലിനീകരണം മൂലം ശ്വാസം മുട്ടിയ അവസ്ഥയിലാണ് രാജ്യതലസ്ഥാനമായ ദില്ലി. വായു മലിനീകരണം നിയന്ത്രിക്കുക അസാധ്യമായതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍. ഒറ്റ, ഇരട്ട അക്ക വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ വീണ്ടും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ദില്ലിയില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസും കുത്തനെ കൂട്ടി.

ഒരു മണിക്കൂര്‍ നേരത്തേ വാഹനം പാര്‍ക്ക് ചെയ്യണമെങ്കില്‍ 80 രൂപ ചെലവാക്കേണ്ടിവരും. ഇതു 10 മണിക്കൂര്‍ നേരത്തേക്ക് ആണെങ്കില്‍ 400 രൂപയാണ് നല്‍കേണ്ടത്. പാര്‍ക്കിങ് ഫീസ് കൂട്ടിയതോടെ ജനങ്ങള്‍ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ദില്ലിയിലെ വായു മലിനീകരണത്തിനു വാഹനങ്ങള്‍ക്കും സുപ്രധാന പങ്കുണ്ട്. ആകെയുള്ള മലിനീകരണത്തിന്റെ 20 ശതമാനവും വാഹങ്ങളുടെ പുകയില്‍ നിന്നാണ്.

 ഗവര്‍ണറുടെ നിര്‍ദേശം

ഗവര്‍ണറുടെ നിര്‍ദേശം

ദില്ലിയിലെ മൂന്നു കോര്‍പ്പറേഷനുകളും ദില്ലി മെട്രോ റെയില്‍ കോര്‍പറേഷനുമാണ് പാര്‍ക്കിങ് ഫീ നാലു മടങ്ങോളമായി വര്‍ധിപ്പിച്ചത്. തലസ്ഥാനത്തെ വായു മലിനീകരണം നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ദില്ലി ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. പാര്‍ക്കിങ് ഫീ കൂട്ടുന്നതു മാത്രമല്ല, ഒരാഴ്ചത്തേക്കു നഗരത്തിലേക്കു ട്രക്കുകള്‍ പ്രവേശിക്കുന്നത് വിലക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ശനിയാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം ഈ യോഗത്തില്‍ തീരുമാനിക്കും.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞതായും എത്രയും വേഗം അവര്‍ ഇതു പ്രാബല്യത്തില്‍ വരുത്തുമെന്നാണ് പ്രതീക്ഷയെന്നും സൗത്ത് ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ കമര്‍ജീത്ത് സെഹരാവത്ത് വ്യക്തമാക്കി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം നിര്‍ത്തിവയ്ക്കാന്‍ കോണ്‍ട്രാക്റ്റര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നു കോര്‍പറേഷനുകളിലുമായി 252 പാര്‍ക്കിങ് ഒഴിവുകളാണുള്ളത്. നേരത്തേ കാറുകള്‍ക്ക് ഒരു മണിക്കൂര്‍ നേരത്തേക്ക് 20 രൂപയും ടൂ വീലറുകള്‍ക്ക് 10 രൂപയുമാണ് പാര്‍ക്കിങ് ഫീയായി ഈടാക്കിയിരിക്കുന്നത്. വ്യാഴാഴ്ച മുതലാണ് ഇത് കുത്തന്നെ കൂട്ടിയത്. ഒരു മണിക്കൂര്‍ നേരത്തേക്കു കാര്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ 80 രൂപ നല്‍കേണ്ടിവരും. ടൂ വീലറുകള്‍ക്കു 40 രൂപയാണ് പുതിയ പാര്‍ക്കിങ് ഫീ.

ഉദ്യോഗസ്ഥരെ നിരീക്ഷണ ചുമതലയേല്‍പ്പിച്ചു

ഉദ്യോഗസ്ഥരെ നിരീക്ഷണ ചുമതലയേല്‍പ്പിച്ചു

ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതു വരെ ദില്ലിയിലെ മൂന്നു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെയും എല്ലാ തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തികളും നിര്‍ത്തിവയ്ക്കാനാണ് ഗവര്‍ണറുടെ ഉത്തരവ്. ഇതു ലംഘിച്ച് ആരെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാര്‍നിര്‍ദേശ പ്രകാരം പിഴ ചുമത്തുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തങ്ങളുടെ ജീവനക്കാരില്‍ പകുതി പേരെയും നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് അയച്ച് വായുമലിനീകരണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മുന്‍സിപ്പല്‍ കോര്‍പറേഷനുകളോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തികളിലൂടെയും ചപ്പുചവറുകള്‍ കത്തിക്കുന്നതിലൂടെയും വായു മലിനീകരണം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഇവരുടെ ചുമതലയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

വലിയ വാഹനങ്ങള്‍ക്കു നോ എന്‍ട്രി

വലിയ വാഹനങ്ങള്‍ക്കു നോ എന്‍ട്രി

ഒഴിച്ചു കൂടാനാവാത്ത സാധനങ്ങളുമായി വരുന്ന ട്രക്കുകള്‍ ഒഴികെ മറ്റു ട്രക്കുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും ദില്ലിയില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ദില്ലി ട്രാഫിക് പോലീസിനോടും വാഹന വകുപ്പിനോടും മുന്‍സിപ്പല്‍ കോര്‍പറേഷനോടും ടോള്‍ ബൂത്തുകളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചുകഴിഞ്ഞു. ഇനിയൊരു അറിയിപ്പ് വരുന്നതു വരെ വാഹനങ്ങളെ തടയാനാണ് ഉത്തരവ്. ട്രക്കുകള്‍ ഡീസലാണ് ഉപയോഗിക്കുന്നത്. ഇത് വായു മലിനീകരണം വര്‍ധിക്കാന്‍ കാരണമാവുന്നു. രാത്രി 11 മണിക്കും പുലര്‍ച്ചെ അഞ്ചു മണിക്കും ഇടയിലും രാവിലെ 11നും വൈകീട്ട് നാലിനും ഇടയിലുമാണ് ഇത്തരത്തിലുള്ള വലിയ വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുന്നത്. ഈ സമയത്താണ് നഗരത്തില്‍ വായു മലിനീകരണം വര്‍ധിക്കുന്നതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യ പ്രശ്നങ്ങള്‍

ആരോഗ്യ പ്രശ്നങ്ങള്‍

വായു മലിനീകരണത്തെ തുടര്‍ന്നു പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലര്‍ക്കും തലവേദനയും കണ്ണ് എരിച്ചിലും ശ്വാസതടസ്സവും ജലദോഷവും വിഷാദവുമെല്ലാം അനുഭവപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതേ തുടര്‍ന്നു സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കുട്ടികളെ പുറത്തു കല്‍ക്കാന്‍ വിടുന്നത് ഒഴിവാക്കണമെന്ന ആവശ്യം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. മാത്രമല്ല രാവിലെയും വൈകുന്നേരവും നിരത്തിലൂടെ നടക്കാനിറങ്ങുന്നത് ഒഴിവാക്കണമെന്നും അഭ്യര്‍ഥനയുണ്ട്.

English summary
Delhiites will have to shell out Rs 80 to park their vehicles for an hour at public parking lots.The three corporations and Delhi Metro Rail Corporation (DMRC) announced four fold hike in parking rates after Lieutenant Governor (L-G) Anil Baijal issued instructions to implement ‘emergency’ measures in view of the severe pollution levels in the Capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X