ജന്തര്‍ മന്തര്‍ പ്രതിഷേധം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പൊലീസുകാരന് പ്രൊമോഷന്‍
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ലൈംഗികാതിക്രമ പരാതി നേരിട്ട പൊലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം. ഡല്‍ഹി പൊലീസ് എസിപി വിവേക് ഭഗത്തിനാണ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ആയി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ വിവേക് ഭഗത്തില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് വനിതാ മാധ്യമപ്രവര്‍ത്തക ആരോപിച്ചിരുന്നു.
ഇത് വലിയ വിവാദമായിരിക്കെയാണ് ഡല്‍ഹി പൊലീസിന്റെ വിചിത്ര നടപടി. ഔദ്യോഗിക ഉത്തരവ് പ്രകാരം, തിങ്കളാഴ്ച സ്ഥാനക്കയറ്റം ലഭിച്ച 12 ഉദ്യോഗസ്ഥരില്‍ വിവേക് ഭഗത്തും ഉള്‍പ്പെടുന്നു. ഒക്ടോബര്‍ 3-ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗികാതിക്രമം നടത്തിയെന്ന് മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

പിന്നാലെ ഡല്‍ഹി പൊലീസ് പരാതികള്‍ സ്വീകരിക്കുകയും തുടര്‍ അന്വേഷണത്തിനായി ക്രൈം ബ്രാഞ്ചിന് കൈമാറുകയും ചെയ്തു. എന്നാല്‍ വനിതാ പ്രതിഷേധക്കാര്‍ക്ക് നേരെ ശാരീരിക അതിക്രമം നടന്നെന്ന സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങള്‍ ഡല്‍ഹി പൊലീസ് പിന്നീട് തള്ളി. വനിതാ ഉദ്യോഗസ്ഥരാണ് അവരെ കൈകാര്യം ചെയ്തതെന്നും നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ച് മാന്യമായാണ് പെരുമാറിയതെന്നും പൊലീസ് അവകാശപ്പെട്ടു.
ന്യൂഡല്‍ഹി ഡിസിപി സച്ചിന്‍ ശര്‍മ്മ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്നാണ് പ്രതികരിച്ചത്. 'ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. സ്ത്രീകളായ പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നത് വനിതാ ഉദ്യോഗസ്ഥരാണ്. അവരോട് മാന്യമായും അര്‍ഹമായ പരിഗണനയോടെയുമാണ് പെരുമാറുന്നത്,' ശര്‍മ്മ എക്‌സില്‍ പറഞ്ഞു.
പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നതും വിട്ടയക്കുന്നതും നിലവിലുള്ള നിയമങ്ങളും നിശ്ചിത നടപടിക്രമങ്ങളും പാലിച്ചാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 'നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച്, നിശ്ചിത സമയത്തിനുള്ളില്‍ തന്നെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വിട്ടയച്ചിട്ടുണ്ട്. ഇതിന് വിരുദ്ധമായുള്ള ഏത് അവകാശവാദവും വസ്തുതാപരമായി തെറ്റാണ്,' ഡിസിപി പറഞ്ഞു.
അതേസമയം സമരക്കാര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനുള്ള പാരിതോഷികമാണ് വിവേക് ഭഗത്തിന് നല്‍കിയ സ്ഥാനക്കയറ്റമെന്ന് സിജെപി സ്ഥാപക നേതാവ് അഭിജിത് ദീപ്‌കെ ആരോപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജന്തര്‍ മന്തറിലും പരിസരത്തുമായി ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പിന്നാലെ എസ്എഫ്‌ഐ, ഐസ, എഐഎസ്എഫ് എന്നീ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ സജീവമായി സമരം ഏറ്റെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലും എസ്‌ഐആര്‍ നടപടിക്രമങ്ങളിലും ക്രമക്കേടുകള്‍ ആരോപിച്ചാണ് പ്രതിഷേധം.
മുഖ്യതിരഞ്ഞൈടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്നുണ്ട്. ജന്തര്‍ മന്തറിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ തങ്ങളുടെ ദേശീയ പ്രസിഡന്റ് നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി ഐസ അംഗങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു.
ഔദ്യോഗിക നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത സ്വകാര്യ വാഹനത്തിലാണ് അവരെ കൊണ്ടുപോയതെന്നും വാഹനത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ ഉണ്ടായിരുന്നില്ലെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ പൊലീസ് ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്.


Click it and Unblock the Notifications
