'ഡൽഹി പോലീസ് ബസ്സിലിട്ട് തല്ലിച്ചതച്ചു, മലയാളി പെൺകുട്ടിക്ക് കേൾവി പോയി', ഗുരുതര ആരോപണം
ഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ ഡല്‍ഹി പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കസ്റ്റഡിയിലെടുത്ത് ബസ്സിലേക്ക് മാറ്റിയ ശേഷം അവിടെ വെച്ച് പോലീസുകാര്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചുവെന്നും മലയാളിയായ ആതിര എന്ന വിദ്യാര്‍ത്ഥിനിക്ക് ഒരു ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പോലീസ് അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ അടക്കമുളളവരെ അണിനിരത്തിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം. ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ ആതിരയെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം ബസ്സിലിട്ടാണ് മര്‍ദ്ദിച്ചതെന്നും ചെവിക്ക് അടിയേറ്റ് ആതിരയ്ക്ക് ഒരു ചെവി കേള്‍ക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ സമരത്തിന് ഒരാള്‍ക്ക് കണ്ണിന് കാഴ്ചയാണ് നഷ്ടപ്പെട്ടത് എങ്കില്‍ ഇപ്പോള്‍ ഒരു പെണ്‍കുട്ടിക്ക് കേള്‍വി ശക്തി ഇല്ലാതായിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. താനടക്കമുളളവരെ കസ്റ്റഡിയിലെടുത്ത് മാറ്റിയ ബസ്സില്‍ വനിതാ പോലീസുകാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് ആതിര പറയുന്നു. പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ വനിതാ പോലീസ് വേണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ആതിര വ്യക്തമാക്കി.

'തങ്ങളെ കസ്റ്റഡിയിലെടുത്ത ബസ് കൊണാട്ട് പ്ലേസ് പോലീസ് സ്‌റ്റേഷന് മുന്നിലായിരുന്നു നിര്‍ത്തിയിട്ടിരുന്നത്. പോലീസുകാര്‍ നിര്‍ത്താതെ തന്റെ കവിളത്ത് അടിച്ചുവെന്നും കണ്ണിന് പരിക്കേല്‍ക്കുകയും ചെവിക്ക് കേള്‍വിശക്തി നഷ്ടമാവുകയും ചെയ്തുവെന്നും ആതിര പറഞ്ഞു. എന്‍എസ്യു നേതാവായ റിതു ബരാലയ്ക്കും ഡല്‍ഹി പോലീസില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു. റിതുവിനെ ഒരു പോലീസുകാരി ബസ്സിനകത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പെണ്‍ സിംഹം എന്ന് വിശേഷിപ്പിച്ചാണ് റിതുവിനെ രാഹുല്‍ ഗാന്ധി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്. ക്രൂര മര്‍ദ്ദനത്തെ ധൈര്യത്തോടെ റിതു നേരിട്ടുവെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. 'സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെയാണ് തങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് റിതു ആരോപിച്ചു. മൂന്ന് ബസ്സുകളിലേക്കാണ് തങ്ങളെ മാറ്റിയത്. ഓരോ ബസ്സിലും 30-40 പേരുണ്ടായിരുന്നു'.
'തങ്ങള്‍ ബസ്സ് നിര്‍ത്താനും പ്രതിഷേധം തുടരാനും ശ്രമിച്ചപ്പോള്‍ ഒരു പോലീസുകാരി തന്റെ കഴുത്തിന് പിടിച്ച് വലിച്ച് സീറ്റിലേക്ക് അമര്‍ത്തുകയായിരുന്നു. നഖം കൊണ്ട് അവര്‍ തന്റെ മുഖത്ത് മാന്തിപ്പറിച്ചു. മുഖത്താകെയും ചെവിക്ക് സമീത്തുമെല്ലാം മുറിവുകളുണ്ട്. പ്രതിരോധിച്ചപ്പോള്‍ അവര്‍ തന്റെ മുഖത്ത് ആഞ്ഞടിച്ചു', റിതു ആരോപിച്ചു.


Click it and Unblock the Notifications
