''തെളിവില്ലാത്തതിനാല്‍ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യില്ല..''; വാര്‍ത്ത തള്ളി ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: വനിതാ അത്‌ലീറ്റുകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ മതിയായ തെളിവുകളില്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഡല്‍ഹി പൊലീസ്. ഇത് സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളിലൂടെ വരുന്നുണ്ട് എന്നും എന്നാല്‍ ഇതെല്ലാം തെറ്റാണ് എന്നുമാണ് ഡല്‍ഹി പൊലീസ് പറയുന്നത്.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മതിയായ തെളിവുകള്‍ ഡല്‍ഹി പൊലീസ് കണ്ടെത്തിയിട്ടില്ലെന്നും വിഷയത്തില്‍ അന്തിമ റിപ്പോര്‍ട്ട് ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണെന്നും നേരത്തെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും കേസിന്റെ അന്വേഷണം എല്ലാ സൂക്ഷ്മതയോടെയും പുരോഗമിക്കുകയാണെന്നുമാണ് ഡല്‍ഹി പൊലീസ് പറയുന്നത്.

മതിയായ തെളിവുകളില്ലാത്തതിനാല്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാനാകില്ല എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. 15 ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നും അത് കുറ്റപത്രമായോ അന്തിമ റിപ്പോര്‍ട്ടിന്റെ രൂപത്തിലോ ആകാം എന്നുമായിരുന്നു ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഉന്നത പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നും എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എഫ്ഐആറില്‍ ചേര്‍ത്തിട്ടുള്ള പോക്സോ വകുപ്പുകളില്‍ ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷയുള്ളതിനാല്‍ ആറ് തവണ എംപിയായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസിന്റെ വിശദീകരണം വന്നിരിക്കുന്നത്. അതേസമയം കേസില്‍ താന്‍ നിരപരാധിയാണ് എന്ന് ബ്രിജ് ഭൂഷണ്‍ ഇന്നും ആവര്‍ത്തിച്ചു.
തനിക്കെതിരെയുള്ള ഒരു ആരോപണം തെളിയിക്കപ്പെട്ടാല്‍ രാജി വെക്കാനും അറസ്റ്റ് വരിക്കാനും തയ്യാറാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് കോടതിയില്‍ ഹാജരാക്കൂ എന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ ചാന്‍ തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ച് നാല് മാസമായില്ലേ എന്നും അദ്ദേഹം ചോദിച്ചു.
പക്ഷെ സര്‍ക്കാര്‍ എന്നെ തൂക്കിലേറ്റുന്നില്ല അവര്‍ ഇപ്പോള്‍ ഗംഗയില്‍ മെഡലുകള്‍ മുക്കി കളയാന്‍ പോകുകയാണ്. മെഡലുകള്‍ മുക്കിയാല്‍ തന്നെ തൂക്കിലേറ്റില്ല എന്നും ഇതൊരു വൈകാരിക നാടകം മാത്രമാണ് എന്നുമാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.












Click it and Unblock the Notifications