ജാമിയ നഗറിലെ പോലീസ് വെടിവെപ്പ് നിരസിച്ച് പോലീസ്: ദൃശ്യങ്ങള്‍ വൈറല്‍, സത്യാവസ്ഥ എന്ത്?
ദില്ലി: പൗരത്വ ഭേദഗതി നിയമയത്തിനെതിരായ പ്രക്ഷോഭത്തിനിടെ ജാമിയയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തെന്ന വാര്‍ത്ത നിരസിച്ച് ദില്ലി പോലീസ്. ജാമിയ നഗറില്‍ പ്രതിഷേധക്കാരനെതിരെ പോലീസ് വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ദില്ലി പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. ഇയാളുടെ ശരീരത്തിന്റെ താഴ്ഭാഗത്ത് വെടിയുതിര്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. ഒരു ടിവി ചാനലാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. വെടിയേറ്റയാള്‍ ജാമിയ വിദ്യാര്‍ത്ഥിയാണെന്നാണ് ചാനല്‍ റിപ്പോര്‍ട്ട്. തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിന്റെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.
എന്നാല്‍ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയോ ദില്ലി പോലീസോ വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച ദില്ലിയിലെ ജാമിയ നഗറില്‍ നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയോ പ്രതിഷേധക്കാര്‍ക്ക് നേരെയോ വെടിയുതിര്‍ത്തിട്ടില്ലെന്നാണ് ദില്ലി പോലീസ് വക്താവ് അനില്‍ മിത്തല്‍ ബുധനാഴ്ച പ്രതികരിച്ചത്. എന്നാല്‍ ടിവി ചാനല്‍ വഴി പുറത്തുവന്നിട്ടുള്ള വീഡിയോ ഉത്കണ്ഠപ്പെടുത്തുന്നതാണ്. ദില്ലി പോലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ വെടിയുതിര്‍ത്തിട്ടില്ല. അതുകൊണ്ട് ഈ വീഡിയോയില്‍ ഒന്നും ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാമിയ നഗറില്‍ ഞായറാഴ്ച നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ പോലീസ് വെടിയുതിര്‍ത്തെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. എന്നാല്‍ ആദ്യം മുതല്‍ തന്നെ പോലീസ് ഇത് നിരസിക്കുകയായിരുന്നു. സര്‍വ്വകലാശാല ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച പോലീസ് ലൈബ്രറിക്കുള്ളിലുള്ള വിദ്യാര്‍ത്ഥികളെ പോലും വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയിലാണ് സര്‍വ്വകലാശാലക്കുള്ളില്‍ നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നത്. അനുമതിയില്ലാതെ ക്യാമ്പസിനുള്ളില്‍ കടന്ന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ദില്ലി പോലീസിനെതിരെ രാജ്യത്തെമ്പാടും ശക്തമായ പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്.












Click it and Unblock the Notifications