ഡല്‍ഹി പൊലീസിന് തിരിച്ചടി: ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീര്‍ പുരകായസ്തയെ വിട്ടയക്കണമെന്ന് സുപ്രീംകോടതി
ഡല്‍ഹി: ന്യൂസ് ക്ലിക്ക് കേസില്‍ ഡല്‍ഹി പൊലീസിന് കനത്ത തിരിച്ചടി. ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുർകയസ്തയെ യു എ പി എ നിയമപ്രകാരം അറസ്റ്റ് ചെയ്തത ഡല്‍ഹി പൊലീസ് നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി അദ്ദേഹത്തെ എത്രയും വേഗം വിട്ടയക്കാനും നിർദേശിച്ചു. കേസിൽ റിമാൻഡ് പകർപ്പ് നൽകിയിട്ടില്ലെന്നതിനാല്‍ അറസ്റ്റ് അസാധുവാണെന്നാണ് ജസ്റ്റിസുമാരായ ബിആർ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.
റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുംമുമ്പ് പ്രബീറിനോ അഭിഭാഷകനോ റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹി പോലീസ് എടുത്ത യു എ പി എ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബീര്‍ പുരകായസ്ത സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

പങ്കജ് ബൻസാൽ കേസിലെ മാർച്ചിലെ വിധിന്യായത്തിൽ അറസ്റ്റിൻ്റെ കാരണങ്ങൾ രേഖാമൂലം പ്രതികൾക്ക് നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ന്യൂയോർക്ക് ടൈംസിൻ്റെ ഒരു റിപ്പോർട്ടില്‍ ന്യൂസ്‌ക്ലിക്കിന് ചൈനീസ് പ്രചരണം പ്രോത്സാഹിപ്പിക്കുന്ന ഒരു നെറ്റ്‌വർക്കിൽ നിന്ന് ഫണ്ട് ലഭിച്ചെന്ന് ആരോപിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സി പി സി) പ്രചാരണ വിഭാഗവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അമേരിക്കൻ കോടീശ്വരനായ നെവിൽ റോയ് സിംഗാമിൽ നിന്ന് ന്യൂസ്‌ക്ലിക്ക് ഏകദേശം 38 കോടി രൂപ ധനസഹായം സ്വീകരിച്ചെന്നായിരുന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്.
റിപ്പോർട്ട് പുറത്ത് വന്ന് ദിവസങ്ങൾക്കകം (ഒക്ടോബർ 3) തന്നെ തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം എന്നിവ പ്രകാരം പുർകയസ്തയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു ഇരുവരുടേയും അറസ്റ്റ്.
കേസില്‍ 8000 പേജുകളുള്ള കുറ്റപത്രം മാർച്ചില്‍ പൊലീസ് സമർപ്പിക്കുകയും ചെയ്തു. ന്യൂസ്‌ക്ലിക്കും പുർകയസ്തയും തീവ്രവാദത്തിന് ധനസഹായം നൽകുകയും ചൈനീസ് പ്രചരണം പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു ഡൽഹി പോലീസ് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്. ന്യൂസ്‌ക്ലിക്കിൻ്റെ എച്ച്ആർ മേധാവി അമിത് ചക്രവർത്തിയെയും ഒക്ടോബർ 3-ന് അറസ്റ്റ് ചെയ്തിരുന്നു. മുതിർന്ന അഭിഭാഷകനായ കപില്‍ സിബലാണ് പ്രബീര്‍ പുരകായസ്തക്ക് വേണ്ടി ഹാജരായത്.












Click it and Unblock the Notifications