ട്രെയിന്‍, മെട്രോ, വിമാന യാത്രക്കാര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി പൊലീസ്; 'ഒരു മണിക്കൂര്‍ മുന്‍പ് എത്തണം'
ഡല്‍ഹിയിലെ തന്ത്രപ്രധാന മേഖലയായ ചെങ്കോട്ടയ്ക്ക് സമീപം ചാവേര്‍ സ്‌ഫോടനം ഉണ്ടായ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു. വിമാനത്താവളങ്ങളിലും റെയില്‍വേ, മെട്രോ സ്റ്റേഷനുകളിലും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കൂടുതല്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.
രാജ്യ തലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടങ്ങളിലെ സുരക്ഷാ പരിശോധനകള്‍ മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് ഡല്‍ഹി പൊലീസ് നിര്‍ദേശം നല്‍കി.

ഡല്‍ഹി ജോയിന്റ് പൊലീസ് കമ്മീഷണര്‍ ആണ് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മെട്രോ, റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും യാത്രക്കാര്‍ക്ക് കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അസൗകര്യങ്ങള്‍ ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും ട്രെയിന്‍ യാത്രക്കാര്‍ ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരണം.
അതേസമയം മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ 20 മിനിറ്റ് മുന്‍പെങ്കിലും മെട്രോ സ്റ്റേഷനില്‍ എത്തിച്ചേരണം. അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളങ്ങളില്‍ എത്തിച്ചേരണം.
നവംബര്‍ പത്തിനാണ് ചെങ്കോട്ടയ്ക്ക് സമീപം കാര്‍ ബോംബ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തെ തുടര്‍ന്നാണ് രാജ്യ തലസ്ഥാനത്തുടനീളം സുരക്ഷ വര്‍ധിപ്പിച്ചത്.
സുരക്ഷാ പരിശോധനകള്‍ തടസമില്ലാതെ നടത്താനും അവസാന നിമിഷത്തെ ഓട്ടപ്പാച്ചില്‍ അകറ്റാനും യാത്രക്കാര്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കണം. പോലീസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് യാത്രക്കാര്‍ കൃത്യ സമയത്ത് സ്‌റ്റേഷനുകളില്‍ എത്തണമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
അതിനിടെ, ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട പുതിയ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. പ്രധാന പ്രതിയായ ഡോക്ടര്‍ ഉമര്‍ ഐ20 കാറില്‍ ബദര്‍പൂര്‍ അതിര്‍ത്തിയിലൂടെ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നതിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികമായ ഡിസംബര്‍ ആറിന് ഡല്‍ഹി ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications