രേഖ ശര്‍മ്മയ്ക്കെതിരായ പരാമര്‍ശം; മഹുവക്കെതിരെ പുതിയ ക്രിമിനല്‍ നിയമ പ്രകാരം കേസ്
ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷന്‍ മേധാവി രേഖ ശര്‍മ്മയ്ക്കെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റിട്ടതിന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയ്ക്കെതിരെ കേസ്. രേഖ ശര്‍മ്മക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ഡല്‍ഹി പോലീസില്‍ വനിതാ കമ്മീഷന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐ എഫ് എസ് ഒ) യൂണിറ്റ് രേഖ ശര്‍മ്മയ്ക്കെതിരെ അപകീര്‍ത്തികരമായ ഭാഷ ഉപയോഗിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് ഹാന്‍ഡില്‍ നിന്ന് വിശദാംശങ്ങള്‍ എടുക്കും. അതിന് ശേഷം സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

മതചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച ഉത്തര്‍ പ്രദേശിലെ ഹാത്രാസ് സന്ദര്‍ശിക്കുന്ന രേഖ ശര്‍മയുടെ വീഡിയോയ്ക്ക് താഴെ പങ്ക് വെച്ച കമന്റാണ് മഹുവ മൊയ്ത്രയ്ക്ക് വിനയായത്. മഹുവയ്ക്കെതിരെ കേസെടുക്കണം എന്നും നടപടികളെക്കുറിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം എന്നും വനിതാ കമ്മിഷന്‍ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ഹാത്രാസിലെത്തിയ രേഖ ശര്‍മയ്ക്ക് മറ്റൊരാള്‍ കുട പിടിച്ചുകൊടുക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്തുകൊണ്ട് രേഖാ ശര്‍മയ്ക്ക് കുട സ്വയം ചൂടിക്കൂടായെന്ന് ചോദിച്ച് ഒരു എക്സ് അക്കൗണ്ടില്‍ വന്ന പോസ്റ്റിന് താഴെ മഹുവ 'തന്റെ ബോസിന്റെ പൈജാമ താങ്ങുന്ന തിരക്കിലാണ് രേഖ ശര്‍മട എന്ന് മഹുവ കമന്റ് ചെയ്തിരുന്നു. ഇതാണ് കേസിനാധാരമായത്.
അതേസമയം വനിതാ കമ്മിഷന്റെ നിര്‍ദേശത്തില്‍ കേസെടുക്കാന്‍ മഹുവ ഡല്‍ഹി പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ താന്‍ നദിയയിലുണ്ട് എന്നും രേഖ ശര്‍മ നടത്തിയ സമാനസ്വഭാവമുള്ള പരാമര്‍ശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും മഹുവ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു. അതിനിടെ സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു.
മഹുവ മൊയ്ത്രക്ക് മറ്റൊരാള്‍ കുട പിടിച്ച് കൊടുക്കുന്ന ചിത്രം പങ്കുവെച്ച് ബി ജെ പി നേതാവ് ഷാസിയ ഇല്‍മിയും രംഗത്തെത്തിയിരുന്നു. ഈ സമയത്ത് നിങ്ങള്‍ ആരുടെ പൈജാമ പിടിക്കുകയായിരുന്നുവെന്നായിരുന്നു ഷാസിയ ഇല്‍മിയുടെ മഹുവയോടുള്ള ചോദ്യം. ഷെഹ്സാദ് പൂനാവാലയും മഹുവ മൊയ്ത്രക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications