പ്ലാറ്റ്‌ഫോം മാറ്റ അനൗൺസ്മെന്റാണോ തിക്കിനും തിരക്കിനും കാരണമായത്? പോലീസ് പറയുന്നത് എന്താണ്?
ഡൽഹി: ശനിയാഴ്ച രാത്രി ന്യൂഡൽഹി റയിൽ വേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചതായാണ് റിപ്പോർട്ട്. പ്രയാഗ് രാജിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ അവസാന നിമഷം പ്ലാറ്റ്ഫോം മാറ്റാനുള്ള അറിയിപ്പാണ് തിക്കിനും തിരക്കിനും കാരണമെന്ന് ദൃക്സാക്ഷികൾ പറയുമ്പോൾ അത്തരമൊരു മാറ്റം നിഷേധിക്കുകയാണ് റെയിൽവേ.
ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഡൽഹി പോലീസ്. പോലീസ് പറയുന്നതനുസരിച്ച് പ്രയാഗ് രാജിലേക്ക് മറ്റൊരു പ്രത്യേക ട്രെയിൻ പ്രയാഗ് രാജ് സ്പെഷ്യൽ - പ്ലാറ്റ് ഫോം നമ്പർ 16 ൽ വന്നത് പ്ലാറ്റ്ഫോം നമ്പർ 14 ൽ സ്പെഷ്യൽ ട്രെയിനിനായി കാത്തിരിക്കുന്ന യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി.

" പ്ലാറ്റ്ഫോം 16 ൽ പ്രയാഗ് രാജ് സ്പെഷ്യൽ എത്തുമെന്ന അറിയിപ്പ് ആശയക്കുഴപ്പത്തിന് കാരണമായി. കാരണം. പ്രയാഗ് രാജ് എക്സ്പ്രസ് ഇതിനകം പ്ലാറ്റ് ഫോം 14 ൽ ഉണ്ടായിരുന്നു. പ്ലാറ്റ് ഫോം 14 ൽ ട്രെയിനിലെത്താൻ കഴിയാത്ത ആളുകൾ തങ്ങളുടെ ട്രെയിൻ പ്ലാറ്റ്ഫോം 16 ൽ എത്തിയെന്ന് കരുതി തിക്കിലും തിരക്കിലും പെട്ടു. കൂടാതെ മൂന്ന് ട്രെയിനുകൾ വൈകുകയും ചെയ്തു, പോലീസ് പറഞ്ഞു.
സമീപത്തെ കോണിപ്പടിയിൽ നിന്ന് ഒരു യാത്രക്കാരൻ തെന്നിവീണതാണ് സംഭവത്തിന് കാരണമായതെന്ന് റെയിൽവേ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രെയിനുകൾ റദ്ദാക്കിയിട്ടില്ല, പ്ലാറ്റ്ഫോം മാറ്റിയിട്ടില്ല. എല്ലാ ട്രെയിനുകളും അതിന്റെ ഷെഡ്യൂൾ അനുസരിച്ചാണ് ഓടിയത്, നോർത്തേൺ റെയിൽ വേ സി പി ആർ ഒ ഹിമാൻഷു ശേഖർ ഉപാധ്യ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ രണ്ടംഗ ഉന്നതതല സമതിക്ക് രൂപം നൽകിയിട്ടുണ്ട്. നോർത്തേൺ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ നർസിങ് ദിയോസ നോർത്തേൺ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷണർ പങ്കജ് ഗാംഗ്വാർ എന്നിവർ സമിതിയുടെ ഭാഗമാണെ് അറിയിച്ചു.
അന്വേഷണം ആരംഭിച്ച സമിതി ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ എല്ലാ വീഡിയോ ദൃശ്യങ്ങളും സുരക്ഷിതമാക്കാൻ ഉത്തരവിട്ടു. സംഭവത്തിൽ മരണപ്പെട്ട 18 പേരിൽ 11 പേർ സ്ത്രീകളും 4 പേർ കുട്ടികളുമാണ്. പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ആളുകളെ ചികിത്സക്കായി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗം പേർക്കും കൈകാലുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.












Click it and Unblock the Notifications