24 മണിക്കൂറിനിടെ 517 കൊവിഡ് കേസുകള്‍, ദില്ലിയില്‍ 12 ശതമാനത്തിന്റെ വര്‍ധന, ആശങ്ക കുറയുന്നില്ല
ദില്ലി: കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയുമായി ദില്ലി. 24 മണിക്കൂറിനിടെ 517 കേസുകളാണ് രേഖപ്പെടുത്തിയത്. പോസിറ്റിവിറ്റി നിരക്ക് 4.21 ശതമാനമാണ്. ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളുടെ വന്‍ വര്‍ധന ദില്ലിയില്‍ കടുത്ത ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊവിഡ് ബാധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 18,68550 കേസുകളാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ 26160 ആയി തുടരുന്നു. ശനിയാഴ്ച്ച 461 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് മരണങ്ങളും രേഖപ്പെടുത്തിയിരുന്നു. പോസിറ്റിവിറ്റി നിരക്ക് 5.33 ശതമാനമായിരുന്നു. വെള്ളിയാഴ്ച്ച 366 കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ മരണങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ല.

അതേസമയം പോസിറ്റിവിറ്റി നിരക്ക് അടുത്തിടെ അഞ്ച് ശതമാനത്തിലെത്തിയിരുന്നു. അത് കുറഞ്ഞാണ് 4.21 ശതമാനത്തിലെത്തിയത്. ഏപ്രിലില്‍ 0.57 ശതമാനമായിരുന്നു ദില്ലിയിലെ ടിപിആര്‍. ഇത് 2.39 ശതമാനമായി ഏപ്രില്‍ പതിനാലിന് വര്‍ധിച്ചു. ഹോം ക്വാറന്റീന്‍ കേസുകള്‍ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി വന്‍ തോതിലാണ് വര്‍ധിക്കുന്നത്. ഏപ്രില്‍ പതിനൊന്ന് 137 കേസുകളാണ് രേഖപ്പെടുത്തിയത്. ഇത് രണ്ട് മാസത്തിനിടെയുള്ള ഉയര്‍ന്ന നിരക്കായിരുന്നു. ദില്ലിയിലെ നിരവധി സ്‌കൂളുകളെയാണ് കൊവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ദില്ലി, നോയിഡ, ഗാസിയാബാദ് മേഖലയിലെ സ്‌കൂളുകളിലാണ് കൂടുതല്‍ കേസുകളും ഉള്ളതെന്ന് സര്‍ക്കാര്‍ പറയുന്നു.
സ്‌കൂള്‍ തുറന്നിട്ട് വെറും ആഴ്ച്ചകള്‍ മാത്രമാണ് പിന്നിട്ടത്. അതിനിടെയാണ് കൊവിഡ് കേസുകളുടെ വന്‍ വ്യാപനം ഉണ്ടായിരിക്കുന്നത്. ഇത് ദില്ലി സര്‍ക്കാരിന് ശരിക്കും ആശങ്കയാണ്. നിയന്ത്രണങ്ങള്‍ സ്‌കൂളുകളില്‍ ശക്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി സാനിറ്റൈസേഷന്‍ അടക്കം നടക്കുന്നുണ്ട്. ക്യാമ്പസുകള്‍ അടച്ചിടാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരു ക്ലാസ് റൂമില്‍ ആര്‍ക്കെങ്കിലും കൊവിഡ് ബാധിച്ചിട്ടുണ്ടെങ്കില്‍, കുട്ടികളെ മാസ്‌ക് ധരിക്കാതെ സ്‌കൂളിലേക്ക് അയക്കരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടയ്ക്കുന്നത് പരിഹാര മാര്‍ഗമല്ലെന്നും അധികൃതര്‍ പറഞ്ഞു.
ആശുപത്രികളില്‍ അഡ്മിറ്റാവുന്ന കൊവിഡ് കേസുകള്‍ കുറവാണെന്നും അതുകൊണ്ട് ആശങ്കപ്പെടാനില്ലെന്നും നേരത്തെ മനീഷ് സിസോദിയ അറിയിച്ചിരുന്നു. ദില്ലിയില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ കൊവിഡ് കേസുകളില്‍ 500 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു ചെറിയ ഗ്രൂപ്പിനുള്ളില്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. ദില്ലിയിലെ 19 ശതമാനം താമസക്കാരും അവരുടെ സ്വകാര്യ ഇടങ്ങളിലുള്ളവരില്‍ ഒരാള്‍ക്കെങ്കിലും കഴിഞ്ഞ 15 ദിവസത്തിനിടെ കൊവിഡ് ബാധിച്ചുവെന്നാണ് പറയുന്നത്. ദില്ലിയിലെ പെട്ടെന്നുള്ള കൊവിഡ് വര്‍ധന എല്ലാവരെയും ഒരുപോലെ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.












Click it and Unblock the Notifications