ഡല്‍ഹി കലാപക്കേസ്: ഉമർ ഖാലിദിന് 7 ദിവസത്തെ ജാമ്യം, ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാം
ഡല്‍ഹി: യുഎപിഎ കേസില്‍ അറസ്റ്റിലായ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. 7 ദിവസത്തെ ജാമ്യമാണ് ഡല്‍ഹി കോടതി ഉമറിന് അനുവദിച്ചിരിക്കുന്നത്. ഡിസംബര്‍ 28 മുതല്‍ ജനുവരി 3 വരെ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാമ്യം. 2020ലെ ഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ടാണ് ഉമര്‍ ഖാലിദ് ജയില്‍ വാസം അനുഭവിക്കുന്നത്.
വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി 10 ദിവസത്തെ ജാമ്യത്തിനാണ് ഉമര്‍ അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഉപാധികളോടെ ഒരാഴ്ചത്തെ ജാമ്യം മാത്രമാണ് കോടതി അനുവദിച്ചിരിക്കുന്നത്. 2020 സെപ്റ്റംബര്‍ 14ന് ആണ് കലാപക്കേസില്‍ ഡല്‍ഹി പോലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്യുന്നത്. അതേവര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കാരില്‍ ഉമറും ഉണ്ടെന്നാണ് പോലീസിന്റെ ആരോപണം.

ഉമര്‍ ഖാലിദിന് ജാമ്യം നല്‍കുന്നതിനെ ഡല്‍ഹി പോലീസ് എതിര്‍ത്തു.
ഗൂഢാലോചനയുടെ ഭാഗമായി തന്റെ ആശയം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന് ഉമര്‍ ഖാലിദ് നിരവധി സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും അടക്കം മെസ്സേജുകള്‍ അയച്ചിരുന്നതായി പോലീസ് പറയുന്നു. താരങ്ങളായ പൂജ ഭട്ട്, സുശാന്ത് സിംഗ്, സ്വര ഭാസ്‌കര്‍, മുഹമ്മദ് സീഷാന്‍ അയൂബ്, എന്നിവര്‍ക്കും നേതാക്കളായ യോഗേന്ദ്ര യാദവ്, ജിഗ്നേഷ് മേവാനി എന്നിവര്‍ക്കും ദി വയര്‍, ആള്‍ട്ട് ന്യൂസ് എന്നീ മാധ്യമങ്ങള്‍ക്കും ഉമര്‍ സന്ദേശങ്ങള്‍ അയച്ചതായാണ് പോലീസ് ആരോപണം.
ജാമ്യത്തിനായി രണ്ട് തവണ ഉമര്‍ ഖാലിദ് വിചാരണ കോടതിയെ സമീച്ചിരുന്നുവെങ്കിലും ഹര്‍ജി തള്ളപ്പെടുകയായിരുന്നു. തുടര്‍ന്ന് 2022 ഒക്ടോബറില്‍ ഉമര്‍ ഡല്‍ഹി ഹൈക്കോടതിയെ ജാമ്യത്തിനായി സമീപിച്ചു. എന്നാല്‍ പോലീസ് കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉമറിന് ജാമ്യം നിഷേധിച്ചു.
പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളാണ് പിന്നീട് കലാപത്തിലേക്ക് വഴി മാറിയത്. ഡല്‍ഹി കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications