ഡല്‍ഹി കലാപം; കെട്ടിച്ചമച്ച തെളിവുകളും സാങ്കല്‍പ്പിക സാക്ഷികളും: പൊലീസിനെതിരേ വിമര്‍ശനവുമായി കോടതികള്‍
ന്യൂഡല്‍ഹി: 2020 ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യ തലസ്ഥാനത്തെ കോടതികള്‍. കലാപവുമായി ബന്ധപ്പെട്ട് വിധി വന്ന 93 കേസുകളില്‍ പൊലീസിന്റെ കൃത്യവിലോപം വ്യക്തമായതായി വിവിധ പ്രാദേശിക കോടതികള്‍ ചൂണ്ടിക്കാട്ടി.
17 കേസുകളില്‍ കെട്ടിച്ചമച്ച തെളിവുകളാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇതുകൂടാതെ സാങ്കല്‍പിക സാക്ഷികള്‍, അന്വേഷണ ഉദ്യോഗസ്ഥന്റെ സ്വന്തം നിഗമനങ്ങള്‍, കൃത്രിമമായ സാക്ഷി മൊഴികള്‍ എന്നിവ ഉള്‍പ്പെടെയാണ് പൊലീസ് മിക്ക കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചത്. ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിലാണ് ഈ ഗൗരവമേറിയ കണ്ടെത്തല്‍. പൊലീസിന്റെ ഗുരുതര കൃത്യവിലോപമാണ് ഇതിലൂടെ പുറത്തുവന്നത്.

കലാപവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഓഗസ്റ്റ് അവസാനം വരെ ഡല്‍ഹി പൊലീസ് ഫയല്‍ ചെയ്തത് 695 കേസുകളാണ്. അതില്‍ 116 കേസുകളില്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്. കലാപം, തീവയ്പ്പ്, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 97 കേസുകളില്‍ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടു. 19 കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതില്‍ 12 കേസുകളില്‍ എങ്കിലും പൊലീസ് കോടതിയില്‍ കൃത്രിമ സാക്ഷികളെ ഹാജരാക്കുകയും കെട്ടിച്ചമച്ച തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടു കേസുകളില്‍ സാക്ഷികള്‍ നല്‍കിയ മൊഴികള്‍ തങ്ങളുടേതല്ലെന്നും പൊലീസ് നിര്‍ദേശിച്ച പ്രകാരം ആയിരുന്നുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തി.
മറ്റു പല കേസുകളിലും നീതി ഉറപ്പാക്കുന്നതിന് പകരം കേസ് അവസാനിപ്പിക്കാനുള്ള വ്യഗ്രതയായിരുന്നു പോലീസിന് ഉണ്ടായിരുന്നത്. ഒരു കേസിന്റെ രേഖകളില്‍ കൃത്രിമത്വം ജഡ്ജി ചൂണ്ടിക്കാട്ടുക വരെം ചെയ്തു.
കഴിഞ്ഞ മാസം ന്യൂ ഉസ്മാന്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒന്നില്‍ ആറ് പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തെളിവുകള്‍ സ്വന്തം നിലയില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ കേസ് പെട്ടെന്ന് അവസാനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതു പോലുമെന്ന് കോടതി നിരീക്ഷിച്ചു. ഇത് ജനങ്ങള്‍ക്ക് നിയമവാഴ്ചയിലുള്ള വിശ്വാസം തകര്‍ക്കാനേ ഉപകരിക്കൂ. പ്രതികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായും കോടതി പൊലീസിനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി കലാപം ഉണ്ടായത്. 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications