കൊവാക്സിന് വേണ്ട; ഫലപ്രാപ്തിയില്‍ സംശയമെന്ന് ദില്ലിയിലെ ഡോക്ടര്‍മാര്‍
ദില്ലി: ഭാരത് ബയോടെക്കിന്റെ കൊവാക്സിന് സ്വാകരിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഭാരത് ബയോടെക്കിന്റെ കൊവാക്സിന്റെ ഫലപ്രപ്തിയില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. രാജ്യവ്യാപകമായി കൊവിഡ് വാക്സിന്റെ വിതരണം ആരംഭിച്ച ആദ്യ ദിനം തന്നെ കൊവാക്സിനെതിരെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നെ രംഗത്തെത്തിയത് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി. കൊവാക്സിന് പകരം കൊവിഷീല്‍ഡ് നല്‍കണം എന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.
എന്നാല്‍ കൊവിഡ് കൊവാക്സിന് സ്വീകരിച്ച് എന്തെങ്കിലും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ചികിത്സയുള്‍പ്പെടെ എല്ലാ ഉത്തരവാദിത്വങ്ങളും മരുന്ന് കമ്പനിക്കായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്സിന് സ്വീകരിക്കുന്നവരെല്ലാം ഇത്തരത്തില്‍ ഒരു സമ്മതപത്രം ഒപ്പിട്ട് നല്‍കുകയും ചെയ്യുന്നുണ്ട്. പൊതുആരോഗ്യ താല്പര്യാര്ഥം ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലുള്ള ഒരു വാക്സിന് വ്യാപകമയി ഉപയോഗിക്കുകാണെന്നും ക്ലിനിക്കല്‍ ശേഷി ഇനിയും തെളിയിക്കപ്പെടാത്ത വാക്സിന് ഇപ്പോഴും മൂന്നാം പരീക്ഷണ ഘട്ടത്തില്‍ ആണെന്നുമാണ് ആ സമ്മത പത്രത്തില്‍ പറയുന്നത്.
ദില്ലിയിലെ ആറ് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവാക്സിന് മാത്രമാണ് പരീക്ഷിക്കുന്നത്. എയിംസ്, സഫ്ദര്‍ജംഗ്, റാം മനോഹര്ലോഹ്യാ, കലാവതി സരണ്‍, ബസായ്ദരാപൂരിലേയും രോഹിണിയിലേയും ഇഎസ്ഐ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് കൊവാക്സിന് മാത്രം നല്‍കുന്നത്. ബാക്കി ദില്ലിയിലെ 75 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കൊവിഷീല്‍ഡ് വാക്സിനുകളാണ് പരീക്ഷിക്കുന്നത്.
ഇന്ത്യയില്‍ നിലവില്‍ ഡ്രഗ് കണ്ട്രോളര് ഓഫ് ജനറലിന്റെ അടയന്ത്രാനുമതി നേടിയ രണ്ട് വാക്സിനുകളാണ് ഭാരത് ബയോടെക്കും, കൊവി ഷീല്‍ഡും. ഇന്ത്യയില്‍ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് കൂടിയാണ് കൊവാക്സിന്. രാജ്യത്തെ 3000 കൊവിഡ് സെന്റുകളില്‍ നിന്നായി ഇന്ന് 3 ലക്ഷത്തിലധികം ആളുകള്‍ കൊവിഡ് വാക്സിന് കുത്തിവെപ്പെടുക്കും.