മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം മൂന്ന് റൗണ്ട് വെടി; ദില്ലി ഞെട്ടി!
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം വെടിയൊച്ച മുഴങ്ങിയത് പരിസരവാസികളെ ഞെട്ടിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് മോദിയുടെ വസതിയായ ദില്ലിയിലെ 7, റേസ് കോഴ്‌സ് റോഡിന് സമീപത്ത് അപ്രതീക്ഷിതമായി വെടിയൊച്ച മുഴങ്ങിയത്. എന്നാല്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും അബദ്ധത്തില്‍ വെടി പൊട്ടിയതാണ് എന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
എന്തായാലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപത്ത് വെടി പൊട്ടിയത് ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനടി സ്ഥലത്തെത്തുകയും ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. മീഡിയ പാര്‍ക്കിംഗ് ലോട്ടിലാണ് മൂന്ന് റൗണ്ട് വെടി പൊട്ടിയത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ചാണക്യപുരി പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു.

പി സി ആര്‍ വിംഗില്‍ ഉണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ കയ്യില്‍ ഉണ്ടായിരുന്ന എ കെ 47 അബദ്ധത്തില്‍ പൊട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ദില്ലിയില്‍ പ്രധാനമന്ത്രിയുടെ വീടിന് മറുവശത്തായിട്ടാണ് മീഡിയ ലോട്ട്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്ന് ദില്ലി ഡി സി പി ജതിന്‍ നര്‍വാള്‍ അറിയിച്ചു. സംഭവത്തില്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല.












Click it and Unblock the Notifications