ഡല്‍ഹി അല്ല ഇന്ദ്രപ്രസ്ഥം; പേര് മാറ്റണം എന്ന് ബിജെപി, 'കേരളം' അംഗീകരിച്ച പിന്നാലെ ആവശ്യം
ന്യൂഡല്‍ഹി: കേരള എന്നത് മാറ്റി കേരളം എന്ന പേരിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ പിന്നാലെ ഡല്‍ഹിയുടെ പേര് മാറ്റണം എന്ന് ആവശ്യം. ചാന്ദ്‌നി ചൗക്ക് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗവും ബിജെപി നേതാവുമായ പ്രവീണ്‍ ഖന്തല്‍വാല്‍ ആണ് പുതിയ ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എംപി കത്തയച്ചു.
മഹാഭാരതത്തില്‍ യമുനാ നദിയോട് ചേര്‍ന്ന് ഇന്ദ്രപ്രസ്ഥം എന്ന നഗരമുള്ളതായി പറയുന്നുണ്ട്. ആധുനിക ഡല്‍ഹി നില്‍ക്കുന്ന സ്ഥലവും ഇതും തമ്മില്‍ സാമ്യമുണ്ട്. അതുകൊണ്ട് ഡല്‍ഹിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കി മാറ്റണം. പുരാന കിലയില്‍ പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയില്‍ മതിയായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും പ്രവീണ്‍ വാദിക്കുന്നു.

മഹാഭാരതത്തില്‍ പാണ്ഡവര്‍ സ്ഥാപിച്ച ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് പറയുന്നുണ്ട്. പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍ ഇതിന് ബലം നല്‍കുന്നു. ഡല്‍ഹി എന്ന പേര് ചരിത്രത്തെ ഭാഗികമായി മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ. സമ്പൂര്‍ണമായ വീണ്ടെടുപ്പിന് ഇന്ദ്രപ്രസ്ഥം എന്ന് പേര് മാറ്റണം. ഇതിന് വേണ്ട ഔദ്യോഗികമായ നടപടികള്‍ തുടങ്ങണം എന്നും എംപി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഇതേ ആവശ്യം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഉന്നയിച്ചിരുന്നു. ബിജെപി എംപി പറഞ്ഞതിന് സമാനമായ കാരണങ്ങളാണ് വിഎച്ച്പിയും ചൂണ്ടിക്കാട്ടിയത്. ഡല്‍ഹി എന്ന പേര് വന്നത് മധ്യകാലഘട്ടത്തിലാണ് എന്നാണ് ബിജെപി എംപിയുടെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ പ്രതികരിച്ചിട്ടില്ല. ബിജെപി അധികാരത്തിലെത്തിയ ശേഷം നിരവധി സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയിരുന്നു.
ബംഗാളിന്റെ പേര് എന്തുകൊണ്ടു മാറ്റുന്നില്ല?
കേരളത്തിന്റെ പേര് മാറ്റത്തിന് പിന്നാലെ പലവിധ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ വിജയം എന്നാണ് മമത ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ബാഗാളിന്റെ പേര് ബംഗ്ലാ എന്നാക്കണം എന്ന് ഏറെ കാലമായി സംസ്ഥാനം ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബംഗാള്‍ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത് എന്നും മമത കുറ്റപ്പെടുത്തി.
കേരളത്തിന്റെ പേര് പലതായി ഉച്ചരിച്ചിരുന്നു. കേരള, കേരള്‍ എന്നെല്ലാം വിവിധ ഭാഷകളില്‍ വിളിക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഭരണഘടനാ ഭേദഗതി വേണം എന്ന് സംസ്ഥാനം ആവശ്യപ്പെട്ടത്. കേരളം എന്നാക്കണമെന്ന ആവശ്യം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഭരണഘടനയില്‍ പറയുന്ന എല്ലാ ഭാഷകളിലും കേരളം എന്നു പേരുമാറ്റും. ബില്ല് ഇനി രാഷ്ട്രപതിക്ക് കൈമാറും. രാഷ്ട്രപതി ബില്ല് കേരള നിയമസഭയ്ക്ക് അയക്കും. മറുപടി ലഭിച്ചാല്‍ പാര്‍ലമന്റില്‍ ബില്ല് അവതരിപ്പിക്കും.
നേരത്തെ പേര് മാറ്റപ്പെട്ട സംസ്ഥാനമാണ് ഒഡീഷ. മുമ്പ് ഒറീസ എന്നാണ് വിളിച്ചിരുന്നത്. 2011ലാണ് ഒറീസയുടെ പേര് മാറ്റി ഒഡീഷ എന്നാക്കിയത്. കേരളത്തിന്റെ പേര് മാറ്റിയ പിന്നാലെ കേരളത്തിലുള്ളവരെ എന്തുവിളിക്കുമെന്ന ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ ചര്‍ച്ചയില്‍ കഴമ്പില്ല എന്ന പ്രതികരണവും വന്നിട്ടുണ്ട്.












Click it and Unblock the Notifications