ഡൽഹി ഇന്നും പ്രക്ഷുബ്ദമാകും; രാവിലെ മുതൽ പ്രതിഷേധത്തിന് സിജെപി..സുപ്രീം കോടതിയിൽ പ്രത്യേക സിറ്റിംഗ്
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും സിജെപി പ്രതിഷേധം. രാവിലെ 10 മണി മുതൽ ജന്തർ മന്തർ പരിസരത്ത് എത്താൻ സിജെപി ആഹ്വാനം ചെയ്തു. ഐസ, എസ്എഫ്ഐ, എഐഎസ്എഫ് എന്നീ ഇടത് സംഘടനകളും നഗരത്തിൽ വിവിധ ഭാഗങ്ങളിലായി ഇന്ന് പ്രതിഷേധിക്കും.
പ്രതിഷേധിക്കാനെത്തിയ 3000ത്തോളം പേരെയാണ് ഇന്നലെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. സിജെപി നേതാക്കളായ അഭിജിത്ത് ദീപ്കെ, അഷുതോഷ് റാങ്ക, സൌരവ് ദാസ്, യുട്യൂബർ ധ്രുവ് റാഠി എന്നിവർ ഉൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ആദ്യ ജന്തർ മന്തർ പ്രതിഷേധ സമയത്ത് സിജെപി വാക്ക് പാലിക്കാത്തതിനാലാണ് ഇത്തവണ പ്രതിഷേധക്കാരെ നേരത്തേ കസ്റ്റഡിയിലെടുക്കേണ്ടി വന്നതന്നാണ് പോലീസ് വിശദീകരണം. അതേസമയം രാത്രിയോടെ തന്നെ കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചതായി പോലീസ് പറഞ്ഞു. എന്നാൽ ദീപ്കെയും സൌരവും റാങ്കയും ഇപ്പോഴും അജ്ഞാത കേന്ദ്രത്തിൽ തുടരുകയാണ്. ഇവരെ കറിച്ച് യാതൊരു വിവരവും
ലഭിച്ചിട്ടില്ലെന്നും എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.

പ്രധാന നേതാക്കൾ കസ്റ്റഡിയിലായതോടെ ദേശീയ ഇൻചാർജ് ആയ അജിങ്ക്യ ഷിൻഡെയുടെ നേതൃത്വത്തിലാണ് സിജെപി ഇന്ന് പ്രതിഷേധത്തിന് ഇറങ്ങുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജിവെയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് നേതാക്കൾ പറഞ്ഞു. 'കസ്റ്റഡിയിലെടുത്താൽ ഞങ്ങൾ വീട്ടിലേക്ക് തിരികെ പോകുമെന്ന് സർക്കാർ കരുതിക്കാണും. പ്രധാന മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ഈ ഭയം വ്യക്തമാക്കുന്നത് നമ്മൾ ഈ സമരം വിജയിച്ചുവെന്നതാണ്', അജിങ്ക്യ ഷിൻഡെ പറഞ്ഞു.
സിജെപി പ്രവർത്തകരെ അതിക്രൂരമായാണ് പോലീസ് കൈകാര്യം ചെയ്തതെന്നും അജിങ്ക് ആരോപിച്ചു. ദീപ്കെയോട് മനുഷ്യത്വമില്ലാത്ത സമീപനമാണ് പോലീസ് സ്വീകരിച്ചത്. മുത്തശ്ശിയുടെ അവസാന കർമ്മങ്ങൾക്ക് പോകാൻ പോലും ദീപ്കെയെ പോലീസ് അനുവദിച്ചില്ലെന്നും സിജെപി ആരോപിച്ചു. ഇന്ന് മാത്രമല്ല ഗ്യാനേഷ് രാജിവെയ്ക്കുന്നതുവരെ എല്ലാ ദിവസവും ഡൽഹിയിൽ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേന്ദ്രം ഭരിക്കുന്ന ഏകാധിപത്യ ഭരണകുടത്തിനെതിരെ വിശാലമായ ഐക്യം രൂപപ്പെടണമെന്ന് എസ് എഫ് ഐ ജനറൽ സെക്രട്ടറി സുജൻ ഭട്ടാചാര്യ പറഞ്ഞു. ഇന്ന് മുതൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് വ്യാപിക്കും.എല്ലായിടങ്ങളിലും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സമാധാനപരമായ പ്രതിഷേധം അരങ്ങേറും. പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് എവിടെയെല്ലാം അവരെ തടയുന്നുവോ ആ പ്രദേശം ഒരു ജന്തർ മന്തിറായി മാറുമെന്നും സുജൻ പറഞ്ഞു.
അതിനിടെ സിജെപി സമരത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പോലീസ് നടപടികളും നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹര്‍ജികളിലാണ് ഇന്ന് കോടതിയുടെ പ്രത്യേക സിറ്റിംഗ് നടക്കുന്നത്. കോടതിയുടെ നിര്‍ദേശങ്ങള്‍ മറികടന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി ഹര്‍ജി നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications
