ദില്ലി ഇന്നും പ്രക്ഷുബ്ദമാകും, പ്രതിഷേധം തുടരാനുറച്ച് ഇന്ത്യ സഖ്യം..മാർച്ചിന് അനുമതി തേടി സിജെപിയും
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്ത്യ സഖ്യത്തിൻ്റെ നേതൃത്വത്തിൽ ഇന്നും തുടരും. ഗ്യാനേഷ് കുമാറിനെ നേരിട്ട് കാണണമെന്നതാണ് കോണ്ഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെ ആവശ്യം. ഇന്നലെ ഇക്കാര്യം ആവശ്യപ്പെട്ട് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ച് വലിയ സംഘർഷത്തിലാണ് കലാശിച്ചത്.
എട്ട് മണിക്കൂറോളം നീണ്ട മാർച്ചിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് കനത്ത ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രാത്രിയോടെയാണ് രാഹുലിനേയും സഹോദരി പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. അതിനാടകീയമായിട്ടായിരുന്നു നീക്കം.

ആകാശവാണി ഭവൻ പരിസരത്ത് മരത്തിന് ചുവട്ടിൽ പ്രതിഷേധിക്കുകയായിരുന്ന രാഹുൽ ഗാന്ധിയ്ക്കും മറ്റ് നേതാക്കൾക്ക് ചുറ്റും ആദ്യം പോലീസ് വലയം തീർത്തു. കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ ബലപ്രോയഗത്തിലൂടെ ആല്ലാതെ തങ്ങളെ മാറ്റാൻ സാധിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കി. ഇതോടെ അതുതന്നെ നടപ്പാക്കാൻ പോലീസ് ഒരുങ്ങി. എകദേശം 18 ഓളം പോലീസുകാർ ചേർന്നാണ് രാഹുലിനെ ബലമായി പിടിച്ച് പോലീസ് വാഹനത്തിൽ കയറ്റിയത്. പ്രിയങ്കയേയും കെസി വേണുഗോപാലിനേയും സമാനമായ രീതിയിലാണ് വാഹനത്തിൽ കയറ്റിയത്.
തുടർന്ന് വാഹനവുമായി കിങ്സ് വേ ക്യാമ്പിലേക്ക് പോയി. എന്നാൽ ഇവിടെ വെച്ച് പ്രവർത്തകർ വാഹനം തടഞ്ഞത് വലിയ സംഘർഷത്തിനാണ് വഴിവെച്ചത്. തുടർന്ന് ഏകദേശം രണ്ട് മണിക്കൂറോളം കസ്റ്റഡിയിൽ വെച്ച ശേഷമാണ് രാഹുലിനേയും മറ്റ് നേതാക്കളേയും പോലീസ് വിട്ടയച്ചത്.
അനുമതി തേടിയില്ല;തിരഞ്ഞെടുപ്പ് കമ്മീഷൻ
തങ്ങളെ കാണാൻ വൈകീട്ട് നാല് മണി വരെ ഒരു രാഷ്ട്രീയ പാർട്ടികളും അനുമതി തേടിയിരുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വൈകീട്ട് നാല് മണിയോടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം.പിമാരുടെ സംഘം നിവേദനം സമർപ്പിക്കാൻ അനുമതി തേടിയതായി ഡൽഹി പോലീസ് അറിയിച്ചതെന്നും കമ്മീഷൻ പറയുന്നു.
പാർലമെന്റ് ഹൗസ് അനക്സിൽ 240 എംപിമാരുമായി യോഗം ചേരാൻ അനുവദിക്കണമെന്നായിരുന്നു ഇന്ത്യ സഖ്യത്തിൻ്റെ ആവശ്യം. എന്നാൽ പ്രോട്ടോക്കോൾ പ്രകാരം അത്തരമൊരു യോഗത്തിന് അനുമതി നൽകാൻ സാധിക്കില്ല. അതിനാൽ ആവശ്യം നിരസിച്ചു. നിവേദനം സ്വീകരിക്കാൻ കമ്മീഷനിലെ ഏറ്റവും മുതിന്ന ഉദ്യോഗസ്ഥനെ അയക്കാമെന്ന് അറിയിച്ചെങ്കിലും എംപിമാർ അത് നിഷേധിക്കുകയായിരുന്നുവെന്നും കമ്മീഷൻ പറഞ്ഞു.
മാർച്ചിന് അനുമതി തേടാൻ സിജെപി
ഒക്ടോബർ പത്തിന് ജന്തർമന്തറിൽ മാർച്ച് നടത്താൻ അനുമതി തേടി സിജെപി നേതൃത്വം ഇന്ന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തും. മാർച്ചിൽ പങ്കെടുക്കാനിരിക്കുന്ന വോളന്റിയർമാർക്ക് മഹാരാഷ്ട്ര ചന്ദ്രപൂർ പൊലീസ് നോട്ടീസ് അയച്ചതിനെ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. പ്രതിഷേധക്കാരെ ഭയപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും നടപടി ഏകാധിപത്യമാണെന്നും ദീപ്കെ പറഞ്ഞു.


Click it and Unblock the Notifications
