ഡല്‍ഹിയിലെ 6 മെട്രോ സ്‌റ്റേഷനുകള്‍ ഇന്നും അടച്ചിടും.. റോഡ് ഗതാഗതത്തിലും നിയന്ത്രണം
തിങ്കളാഴ്ച രാവിലെ 6 മുതല്‍ വൈകുന്നേരം 4 വരെ ആറ് മെട്രോ സ്റ്റേഷനുകളിലെ പ്രവേശന-പുറത്തുകടക്കല്‍ കവാടങ്ങള്‍ അടച്ചിടുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് നടപടി. പട്ടേല്‍ ചൗക്ക്, ജന്‍പഥ്, രാജീവ് ചൗക്ക്, മാണ്ഡി ഹൗസ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ബരാഖംബ റോഡ് എന്നീ സ്റ്റേഷനുകളാണ് അടച്ചിടുന്നത്.
എന്നാല്‍, ഈ ആറ് സ്റ്റേഷനുകളിലും ട്രെയിന്‍ മാറിക്കയറാനുള്ള സൗകര്യം ലഭ്യമായിരിക്കും. സുരക്ഷാ ഏജന്‍സികള്‍ സാഹചര്യം വിലയിരുത്തുമെന്നും അതിനനുസരിച്ച് തുടര്‍വിവരങ്ങള്‍ അറിയിക്കുമെന്നും ഡി എം ആര്‍ സി അറിയിച്ചു. ഡിഡിയു മാര്‍ഗില്‍ നിശ്ചയിച്ചിട്ടുള്ള പ്രതിഷേധ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍, ഒക്ടോബര്‍ 12-ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഐടിഒയിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏര്‍പ്പെടുത്തുമെന്ന് ഡല്‍ഹി ട്രാഫിക് പൊലീസും അറിയിച്ചു.

തിരക്ക് ഒഴിവാക്കാന്‍ വാഹനയാത്രക്കാര്‍ ക്ഷമ പാലിക്കണമെന്നും ട്രാഫിക് നിയമങ്ങളും സ്ഥലത്തുണ്ടായിരിക്കുന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും വഴിതിരിച്ചുവിടല്‍ സൂചകങ്ങള്‍ ശ്രദ്ധിക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. തത്സമയ വിവരങ്ങള്‍ക്കും സഹായത്തിനുമായി യാത്രക്കാര്‍ക്ക് ഡല്‍ഹി ട്രാഫിക് പൊലീസുമായി ബന്ധപ്പെടാവുന്നതാണ് എന്നും അധികൃതര്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഒരുങ്ങുന്നതിനിടയിലാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 'ചലോ ഡല്‍ഹി - മാര്‍ച്ച് ഫോര്‍ ഡെമോക്രസി'എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിഷേധം, ഗ്യാനേഷ് കുമാറിന്റെ രാജി, എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കല്‍, പേപ്പര്‍ ബാലറ്റ് സംവിധാനത്തിലേക്ക് മടങ്ങല്‍ എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നടത്തുന്നത്.
ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തങ്ങളുടെ ആശങ്കകള്‍ വിശദീകരിക്കുന്ന നിവേദനം സമര്‍പ്പിക്കുന്നതിനായി തിങ്കളാഴ്ച വൈകുന്നേരം 4-നും 5-നും ഇടയില്‍ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ കാണാന്‍ സമയം ചോദിച്ചിരുന്നു. എന്നാല്‍, സമാനമായ വിഷയങ്ങള്‍ ഇതിനകം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന കാരണത്താല്‍ ചീഫ് ജസ്റ്റിസ് ഈ ആവശ്യം നിരസിച്ചു.
അദ്ദേഹത്തിന്റെ മറുപടി ഇരു നേതാക്കള്‍ക്കും ഇമെയില്‍ വഴി അയച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. ഭരണപരമായ തലത്തില്‍ ഇതില്‍ ഉത്തരവുകളൊന്നും പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് രാഹുല്‍ ഗാന്ധിയെ അറിയിച്ചതായും, നിയമപരമായ നടപടിക്രമങ്ങളിലൂടെ കോടതിയെ സമീപിക്കാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച ഈ വിഷയം പരിഗണിച്ചേക്കുമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഇന്നത്തെ മാര്‍ച്ചില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍, പൗരസമൂഹ സംഘടനകള്‍, കൂടാതെ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന മറ്റുള്ളവരും ഈ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ശനിയാഴ്ച ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ പൊലീസും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിച്ചതായി അദ്ദേഹം ആരോപിച്ചു.
'പാര്‍ട്ടി, ലിംഗഭേദം, ജാതി, സമുദായം, സംസ്ഥാനം എന്നിവയ്ക്കെല്ലാം അതീതമായി ഒറ്റക്കെട്ടായ ഇന്ത്യക്കാരായി ഞങ്ങള്‍ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് ചെയ്യും,' രാഹുല്‍ ഗാന്ധി പറഞ്ഞു.


Click it and Unblock the Notifications
