കൊവിഡ് സെന്ററിൽ വെച്ച് 14 കാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം: രണ്ട് പേർ അറസ്റ്റിൽ, സംഭവം ദില്ലിയിൽ!!
ദില്ലി: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന 14കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം. രോഗം സ്ഥിരീകരിച്ച് സൌത്ത് ദില്ലിയിലെ ഛത്തർപൂരിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെയാണ് മറ്റൊരു രോഗി ശുചിമുറിയിൽ വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതെന്നാണ് പോലീസ് നൽകുന്ന വിവരം. വ്യാഴാഴ്ചയാണ് ഇകതെക്കുറിച്ച് പുറത്തുവരുന്നതെങ്കിലും ജൂലൈ 15ന് രാത്രിയാണ് സംഭവം. സംഭവത്തിൽ 19കാരനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചു.
രാധാ സ്വാമി സത്സംഗ് ബിയാസിലെ 10,000 കിടക്കകളുള്ള കൊവിഡ് സെന്ററിലാണ് സംഭവം. ഈ മാസം ആദ്യം ദില്ലി ലഫ്. ഗവർണർ അനിൽ ബൈജാലാണ് കൊവിഡ് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ചെറിയ രോഗലക്ഷണങ്ങളുള്ളവരെയും രോഗലക്ഷണങ്ങളില്ലാത്തവരെയും ചികിത്സിക്കുന്നതിന് വേണ്ടിയാണ് ഛത്തർപൂരിൽ ആശുപത്രി പണികഴിപ്പിക്കുന്നത്. ഐടിബിപി നോഡൽ ഏജൻസിയായാണ് കൊവിഡ് സെന്ററിന്റെ നടത്തിപ്പ്. രോഗലക്ഷണങ്ങളില്ലാത്തവർക്ക് പുറമേ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൌകര്യങ്ങളില്ലാത്തവർക്കും കഴിയാനുള്ളതാണ് ഈ സെന്റർ.

സമീപത്തുള്ള ചേരി പ്രദേശത്തെ ക്ലസറ്ററിൽ നിന്ന് രോഗം സ്ഥിരീകരിച്ചതോടെയാണ് 14കാരിയെയും 19കാരനെയും ബന്ധുക്കൾ കൊവിഡ് സെന്ററിലെത്തിക്കുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. കൊവിഡ് സെന്ററിൽ വെച്ച് തനിക്കുണ്ടായ അനുഭവം പെൺകുട്ടി ബന്ധുക്കളിൽ ഒരാളോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് വിവരം ഐടിബിപിയിൽ അറിയിച്ചത്. ഐടിബിപി ഉദ്യോഗസ്ഥർ ഇക്കാര്യം പോലീസിൽ അറിയിക്കുകയായിരുന്നു.
Recommended Video
യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. തന്നെ പീഡിക്കുന്നത് ഇയാളുടെ സുഹൃത്ത് മൊബൈലിൽ പകർത്തിയെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നു. 19കാരനായ യുവാവാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഇരുവർക്കുമെതിരെ ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പോലീസ് കേസ് അന്വേഷിച്ച് വരികയാണ്.












Click it and Unblock the Notifications