ഷാഹീന്‍ബാഗില്‍ ദില്ലി പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു; വന്‍ പോലീസ് വിന്യാസം
ദില്ലി: വര്‍ഗീയ കലാപം ശമിച്ചതിന് പിന്നാലെ ഷാഹീന്‍ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ദില്ലി പോലീസ്. സിഎഎ വിരുദ്ധ സമരം ഡിസംബര്‍ 15 മുതല്‍ സമാധാനപരമായി തുടരുന്ന ഇടമാണ് ഷാഹീന്‍ബാഗ്. പൗരത്വ ഭേഗദതി നിയമം പിന്‍വലിക്കുംവരെ സമരം തുടരുമെന്നാണ് പ്രക്ഷോഭത്തിലുള്ള വീട്ടമ്മമാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഹിന്ദുത്വ സംഘടനയായ ഹിന്ദു സേന ഷാഹീന്‍ബാഗ് മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പോലീസ് മുന്‍കരുതലെന്നോണം നിരോധനാജ്ഞ പ്രഖ്യാപിച്ചത് എന്നാണ് വിവരം. ക്രമസമാധാനം നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്ന് ജോയന്റ് കമ്മീഷണര്‍ ഡിസി ശ്രീവാസ്തവ പറഞ്ഞു. അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാനാണ് നടപടി.
മാര്‍ച്ച് ഒന്നിന് സമാധാനപരമായ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഹിന്ദു സേന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവരുമായി പോലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് ഒഴിവാക്കി. തങ്ങളുടെ ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്തയെ പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്ന് സംഘടന ആരോപിച്ചു. എന്നാല്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പോലീസ് പറയുന്നു.
നേതാക്കളുമായി സംസാരിച്ചതിനെ തുടര്‍ന്ന് അവര്‍ മാര്‍ച്ച് പിന്‍വലിച്ചുവെന്ന് പോലീസും സ്ഥിരീകരിച്ചു. ഷഹീന്‍ബാഗ് മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചു. രണ്ട് വനിതാ കമ്പനി ഉള്‍പ്പെടെ 12 കമ്പനി സേനയെ ഷാഹീന്‍ബാഗില്‍ വിന്യസിച്ചിട്ടുണ്ട്. 400 പോലീസുകാരെയാണ് നാല് ജില്ലകളില്‍ നിന്നായി ഷാഹീന്‍ബാഗിലേക്ക് നിയോഗിച്ചിരിക്കുന്നത്. കൂടാതെ ലോക്കല്‍ പോലീസുമുണ്ട്. ഷാഹീന്‍ബാഗില്‍ പ്രധാനമായും സമര രംഗത്തുള്ളത് സ്ത്രീകളും കുട്ടികളുമാണ്.












Click it and Unblock the Notifications