ചാന്ദ് ബാഗ് കലാപം: താഹിര്‍ ഹുസൈന്റെ മാനേജര്‍ അടക്കം മൂന്ന് പേര് അറസ്റ്റില്‍
ദില്ലി: വടക്കു കിഴക്കന്‍ ദില്ലിയിലെ ചാന്ദ് ബാഗില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സസ്പെന്‍ഷനിലായ ആംആദ്മി പാര്‍ട്ടി എംഎല്‍എ താഹീര്‍ ഹുസൈന്റെ അയല്‍വാസിയായ ഒരു പിതാവിനേയും അദ്ദേഹത്തിന്റെ രണ്ട് മക്കളേയുമാണ് അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് താഹിര്‍ ഹുസൈനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ മൂന്ന് പേരെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് പൊലീസ് വ്യക്തമാക്ക്ി.
ലിയാഖത്ത്, റിസായത്ത്, താരിഖ് റിസ്വി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. താഹിര്‍ ഹുസൈന്റെ വീടിന്റെ മേല്‍ക്കുരയില്‍ നിന്നും കല്ലെറിഞ്ഞ സംഭവത്തിലാണ് ലിഖായത്തിനേയും റിസായത്തിനേയും കസ്റ്റഡിയിലെടുത്തത്. അതേസമയം താഹിര്‍ ഹുസൈന് തന്റെ സക്കീര്‍ നഗറിലെ വീട്ടില്‍ അഭയം നല്‍കിയെന്നാണ് റിസ്വിക്കെതിരായ ആരോപണം. താഹിര്‍ ഹുസൈന്റെ മാനേജര്‍ കൂടിയാണ് ഇദ്ദേഹം.

ചോദ്യം ചെയ്യല്‍
താഹിര്‍ ഹൂസൈന് അഭയം നല്‍കിയതുമായി ബന്ധപ്പെട്ട് പൊലീസ് റിസ്വിയെ ചോദ്യം ചെയ്യുമെന്നും പൊലീസ് താഹിറിനെ അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിന് അഭയം നല്‍കിയതിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

തോക്കും വെടിയുണ്ടകളും കണ്ടെടുത്തു
താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്നും ലൈസന്‍സ് ഉള്ള തോക്കും 24 വെടിയുണ്ടകളും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്നതിന് ശേഷം ഫെബ്രുവരി 27 ന് താഹിര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തെന്നും അഭിഭാഷകരെ ബന്ധപ്പെടുന്നതിനായി പുതിയ സിംകാര്‍ഡ് ഉപയോഗിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ സംഘം പറഞ്ഞു.

വീഡിയോ ദൃശ്യങ്ങള്‍
കലാപത്തിന്റെ കൂടുതല്‍ വീഡിയോകളും സിസിടിവി ദൃശ്യങ്ങളും ലഭിക്കുന്നതിനായി ക്രൈംബ്രാഞ്ച് സംഘം ചാന്ദ് ബാഗില്‍ എത്തിയിരുന്നു. ആരുടെയെങ്കിലും മൊബൈല്‍ ഫോണില്‍ വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് കൈമാറണമെന്നും ക്രൈബ്രാഞ്ച് ജനങ്ങളോട് ആവശ്യപ്പെട്ടു.
താഹിര്‍ തന്റെ വീടിന് മുകളില്‍ അക്രമം നടക്കുമ്പോള്‍ അതിന്റെ വീഡിയോ എടുക്കുന്നത് കൂടാതെ അക്രമ സംഭവം പൊലീസില്‍ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. ഇത് സംഭവവുമായി ബന്ധപ്പെട്ട് തന്റെ തന്റെ മേലുള്ള പ്രതിരോധം ഇല്ലാതാക്കാനുള്ള താഹീറിന്റെ ശ്രമാമായിരുന്നുവെന്ന് ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോദ്യം ചെയ്യുമ്പോള്‍ പോലും താഹിര്‍ ഹുസൈന് താന്‍ കലാപത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച കാര്യങ്ങളെക്കുറിച്ച് മാത്രമാണ് പ്രതികരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കലാപം
പൗരത്വ നിയമത്തെച്ചൊല്ലിയുണ്ടായ അക്രമ സംഭവങ്ങളില്‍ 48 പേരാണ് വടക്കുകിഴക്കന്‍ ദില്ലിയില്‍ കൊല്ലപ്പെട്ടത്. ദില്ലിയിലെ അക്രമസംഭവങ്ങള്‍ക്കിടെ താഹിറിന്റെ വീടിന് മുകളില്‍ നൂറോളം അക്രമികള്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. വീടിന്റെ ഒന്നും രണ്ടും നിലകളില്‍ നിന്നായി ബാഗില്‍ സൂക്ഷിച്ച നിലയില്‍ കല്ലുകള്‍ കണ്ടെത്തിയതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീടിന്റെ നാലാമത്തെ നിലയില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ ആസിഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് കല്ലുകളും വാര്‍ത്താ സംഘം കണ്ടെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.