ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ ഇപ്പോള്‍ ഡല്‍ഹിയും; ആധിപത്യം ഉറപ്പിക്കാന്‍ ബിജെപി
ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് താമര വിരിയുന്ന കാഴ്ച്ചയ്ക്കാണ് ജനം സാക്ഷ്യം വഹിക്കുന്നത്. നിലവിലെ ഭരണകകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടെ കോട്ട തകര്‍ത്താണ് ബിജെപി ലീഡ് നിലനിര്‍ത്തുന്നത്.
ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍ ഭരണം കൈയാളിയിട്ടും രണ്ട് പതിറ്റാണ്ടോളം കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹി മാത്രം ബിജെപിയില്‍ നിന്ന് അകന്ന് നിന്നത് വടക്കേ ഇന്ത്യയില്‍ ആധിപത്യം നേടുന്നതിന് ബിജെപിക്ക് വിലങ്ങുതടിയായിരുന്നു.
ദേശീയ തലസ്ഥാനത്തിന് ചുറ്റുമുള്ള സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ ബിജെപിയുടെ കൈയിലാണ്. ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ബിജെപിയാണ് ഭരിക്കുന്നത്. 2017 മുതല്‍ ഉത്തര്‍പ്രദേശ് ബിജെപിയുടെ കൈയിലാണ് ഭരിക്കുന്നത്. രണ്ട് തവണയായി അധികാരത്തിലിരുന്ന ഹരിയാനയില്‍ കഴിഞ്ഞ വര്‍ഷം ശക്തമായ തിരിച്ചടികള്‍ക്കിടയിലും ജനവിധി അനുകൂലമാക്കാന്‍ ബിജെപിക്കു കഴിഞ്ഞു. ഹാട്രിക് ഭരണമാണ് ബി.ജെ.പി ഹരിയാനയില്‍ നേടിയത്. രാജസ്ഥാനില്‍ 2023 ല്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം ബി.ജെപിയുടെ കൈയിലായി. ബിജെപി ശക്തമായി തിരിച്ചവരുന്ന കാഴ്ചയ്ക്കാണ് രാജസ്ഥാന്‍ അന്ന് സാക്ഷ്യം വഹിച്ചത്.

2020 ല്‍ 70 സീറ്റില്‍ 62 എണ്ണം നേടിയാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത്. ബിജെപിക്ക് എട്ട് സീറ്റുമാണ് അന്ന് ലഭിച്ചത്. എന്നാല്‍ ഇക്കുറി ആം ആദ്മിയെ അമ്പേ തകര്‍ത്താണ് ബി.ജെപി മുന്നേറുന്നത്. ഇതിനോടകം ബി.ജെപി 44 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
സമീപ പ്രദേശങ്ങളെല്ലാം സ്വന്തമാക്കാനായിട്ടും 1998 മുതല്‍ ഡല്‍ഹി തങ്ങളുടെ നിയന്ത്രണത്തിന് പുറത്തായത് ബിജെപിയെ ഒട്ടൊന്നുമല്ല അസ്വസ്ഥമാക്കിയിട്ടുള്ളത്. 2015 ലും 2020 ലും ദേശീയ തലസ്ഥാനത്ത് നേരിട്ട തോല്‍വികള്‍ ഇരുത്തിച്ചിന്തിപ്പിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചു. ഡല്‍ഹിയിലെ മധ്യവര്‍ഗ സമൂഹത്തിന്റെ പ്രീതി നേടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു.
ബജറ്റില്‍ ആദായനികുതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി നികുതിദായകര്‍ക്ക് ആശ്വാസം നല്‍കിയതിലൂടെ സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ള ഇടത്തരക്കാരെ ബി.ജെ.പിക്ക് അനുകൂലമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ അഴിമതി വിരുദ്ധ പോരാളി എന്ന പ്രതിച്ഛായ തകര്‍ക്കാന്‍ ബി.ജെപിയുടെ പ്രചാരണത്തിന് കഴിഞ്ഞു എന്നതാണ് ഈ തിരഞ്ഞെുടുപ്പ് ഫലം നല്‍കുന്ന സൂചന. ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നതോടെ ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളെല്ലാം ബിജെപിയുടെ കൈപ്പിടിയിലാകും. ഇനിയിപ്പോള്‍ ദക്ഷിണേന്ത്യ മാത്രമാണ് ഇപ്പോഴും ബി.ജെ.പിയുടെ സ്വപ്‌നം മാത്രമായി അവശേഷിക്കുന്നത്.












Click it and Unblock the Notifications