വിശ്വാസവോട്ട് നേടി, ഇനി സ്പീക്കര്‍ തിരഞ്ഞെടുപ്പ്
ദില്ലി: അധികാരത്തില്‍ വരുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനങ്ങളെല്ലാം ഒന്നൊന്നായി പാലിച്ചുകൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിന്റെ ആദ്യത്തെ അഗ്നിപരീക്ഷണവും വിജയ്ച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ കെജ്രിവാള്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ഇനി ഇന്ന്(03-01-2014,വെള്ളി) നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പാണ് ലക്ഷ്യം.
എഴുപത് അംഗ നിയമസഭയില്‍ 37 അംഗങ്ങള്‍ കെജ്രിവാള്‍ സര്‍ക്കാറിനെ പിന്തുണച്ച് ശബ്ദവോട്ട് ചെയ്തു. എട്ടംഗങ്ങളുള്ള കോണ്‍ഗ്രസും ഒരംഗമുള്ള ജനതാദള്‍ യുനൈറ്റഡും ചേര്‍ന്ന് 37 പേര്‍ വിശ്വാസ വോട്ടിനെ അനുകൂലിച്ചപ്പോള്‍ ബിജെപിയുടെയും അകാലിദളിന്റെയും 32 അംഗങ്ങള്‍ എതിര്‍ത്തു. വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയാണ് വിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

ഏറ്റവും വലിയ അഴിമതിക്കാരായ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ച ആം ആദ്മി പാര്‍ട്ടയ്ക്ക് അഴിമതിയെ കുറിച്ച് പറയാന്‍ അവകാശമില്ലെന്ന് വിശ്വാസ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷ നേതാവ് ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നതുവരെ സര്‍ക്കാരിന് നല്‍കുന്ന പിന്തുണ തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് അര്‍വിന്ദര്‍ സിംഗ് ലവ്‌ലി അറിയിച്ചു.
എല്ലാം കഴിഞ്ഞ് പതിനഞ്ച് മിനിട്ട് നീണ്ടു നിന്ന വികാരഭരിതമായ മറുപടി പ്രസംഗത്തില്‍ കെജ്രിവാള്‍ എല്ലാം വിശദീകരിച്ചു. അഴിമതിയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അതില്‍ കോണ്‍ഗ്രസ് എന്നോ ബിജെപിയെന്ന സ്വന്തം പാര്‍ട്ടിയെന്നോ വ്യത്യാസമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ അഴിമതിമുക്തമാക്കാനുള്ള പോരാട്ടത്തിന് ദില്ലിയില്‍ തുടക്കമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എംഎസ് ധിറാണ് എഎപി സ്ഥാനാര്‍ത്ഥി. ബിജെപിയ്ക്ക് വേണ്ടി മുതിര്‍ന്ന അംഗം ജഗദീഷ് മുഖിയുണ്ട്. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയില്ലെങ്കിലും ധിറിന് പിന്തുണ നല്‍കാനാണ് സാധ്യത. ഡപ്യൂരിട്ടി സ്പീക്കറുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല












Click it and Unblock the Notifications