കാറിലെത്തും, മൊബൈല്‍ കടം ചോദിക്കും, ഉടന്‍ കടന്നുകളയും; യുവതിക്കുവേണ്ടി പോലീസ് തിരച്ചില്‍
ദില്ലി: കോള്‍ ചെയ്യാനായി മൊബൈല്‍ ഫോണ്‍ കടം ചോദിച്ചശേഷം അതുമായി കടന്നുകളയുന്ന യുവതിക്കുവേണ്ടി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നു. രാജ്യതലസ്ഥാനമായ ദില്ലിയിലാണ് വ്യത്യസ്ത രീതിയിലുള്ള മോഷണം. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ നാലുപേരുടെ ഫോണുമായാണ് യുവതി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
വിദ്യാര്‍ഥികളെയാണ് ഇരുപത് വയസ് തോന്നിക്കുന്ന യുവതി ലക്ഷ്യമിടുന്നത്. വിലകൂടിയ വസ്ത്രങ്ങളും അതിന് ചേരുന്ന മേയ്ക്കപ്പുമുണ്ടാകും. വെളുത്ത ഹോണ്ടാ സിറ്റിയിലാണ് വരവ്. കൈയ്യില്‍ വിലയേറിയ ഫോണുമായി നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കടുത്താണ് കാര്‍ നിര്‍ത്തുക. ശേഷം വഴി ചോദിക്കും. വഴി പറഞ്ഞുകൊടുത്താല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും.

തന്റെ ഫോണ്‍ ചാര്‍ജ് തീര്‍ന്നുപോയെന്നും ഫോണ്‍ കടംതരാമോയെന്നും ചോദിക്കും. കൂട്ടികാരി കോഫി ഷോപ്പില്‍ കാത്തിരിപ്പുണ്ട് അവരെ വിളിക്കാനാണെന്നതാണ് കാരണം പറയുക. യുവതി ചോദിച്ചയുടന്‍ സംശയമേതുമില്ലാതെ വിദ്യാര്‍ഥി ഫോണ്‍ കൈമാറുകയും ചെയ്യും. വിദ്യാര്‍ഥിയുടെ ശ്രദ്ധതെറ്റിയ ഉടന്‍ ഫോണ്‍മായി കാര്‍ കടന്നുപോകും.
സമാനരീതിയില്‍ നാല് മോഷണം നടന്നതോടെ പോലീസിന് സംഭവം തലവേദനയായിരിക്കുകയാണ്. ഫോണ്‍ നഷ്ടപ്പെട്ടവരില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. ആരും കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ശ്രദ്ധിച്ചിരുന്നില്ല. മുഖര്‍ജീ നഗറിലെ കോച്ചിങ് സെന്ററുകളിലെത്തുന്ന വിദ്യാര്‍ഥികളായിരുന്നു മോഷ്ടാവിന്റെ ലക്ഷ്യം. സിസിടിവി പരിശോധിച്ചുവരികയാണെന്ന് പോലീസ് ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications