സമോസ ചോദിച്ച 3 വയസ്സുകാരനെ വെട്ടിക്കൊന്നു
റായ്പൂര്‍: സമോസയ്ക്ക് വേണ്ടി വാശി പിടിച്ചു കരഞ്ഞ മൂന്ന് വയസ്സുകാരനെ വെട്ടിക്കൊന്നു. ഛത്തീസ്ഗഡിലെ റായ്പൂരിനടുത്താണ് ക്രൂരമായ ഈ കൊലപാതകം നടന്നത്. അയല്‍ക്കാരനായ അഘനു എന്നയാളാണ് മൂന്ന് വയസ്സുള്ള ഗജേന്ദ്ര എന്ന കുഞ്ഞിനെ വെട്ടിക്കൊന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. സ്വന്തം മകനെയും അയല്‍ക്കാരനായ ഗജേന്ദ്രയെയും കൂട്ടി വൈകുന്നേരം ചായകുടിക്കാന്‍ ഇറങ്ങിയതായിരുന്നത്രെ ഇയാള്‍. സ്വന്തം മകന് മാത്രം സമോസ വാങ്ങിക്കൊടുത്ത ഇയാള്‍ ഗജേന്ദ്രയ്ക്ക് ബിസ്‌ക്കറ്റ് മാത്രമാണ് നല്‍കിയത്.

എന്നാല്‍ തനിക്കും സമോസ വേണം എന്നാവശ്യപ്പെട്ട് ഗജേന്ദ്ര കരയാനാരംഭിച്ചു. അഘനു ശാസിച്ചിട്ടും ഗജേന്ദ്ര കരച്ചില്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ദേഷ്യം വന്ന അഘനു ഗജേന്ദ്രയെ വെട്ടുകയായിരുന്നു. നെഞ്ചിലും കയ്യിലും പുറത്തുമാണ് ഇയാള്‍ കുഞ്ഞിനെ വെട്ടിയത്. രക്തസ്രാവം മൂലം കുഞ്ഞ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഏറെ നേരമായിട്ടും കുഞ്ഞിനെ കാണാതെ തിരഞ്ഞ് വന്ന അമ്മ കണ്ടത് മരിച്ചുകിടക്കുന്ന ഗജേന്ദ്രയെ ആണ്. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി അഘനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഘനും കുറ്റം സമ്മതിച്ചതായി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ എന്‍ ശര്‍മ അറിയിച്ചു.












Click it and Unblock the Notifications