രാജസ്ഥാന്‍: 2.70 കോടി രൂപയുടെ അസാധുനോട്ടുകള്‍ പിടിച്ചെടുത്തു
മൂന്നു പേര്‍ അറസ്റ്റില്‍
ജയ്പൂര്‍: നിരോധിച്ച നോട്ടുകള്‍ കൈവശം വെച്ച മൂന്നു പേരെ എടിഎസ് അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 2.70 കോടി രൂപയുടെ അസാധു നോട്ടുകളാണ് ഇവരുടെ കയ്യില്‍ നിന്നും പിടികൂടിയത്. ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരു ഹോം ഗാര്‍ഡും ഉള്‍പ്പെടുന്നു.
സ്‌പെസിഫൈഡ് ബാങ്ക് നോട്ട്‌സ് ആക്ട് പ്രകാരം പത്തില്‍ കൂടുതല്‍ അസാധു നോട്ടുകള്‍ കൈവശം വെയ്ക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം അറിയിച്ചിരുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പഴയ നോട്ടുകള്‍ ഉപയോഗിച്ച് സമാന്തര സാമ്പത്തിക വിനിമയം നടത്താതിരിക്കാനാണ് ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമത്തില്‍ 2017 ഫെബ്രുവരിയിലാണ് രാഷ്ട്രപതി ഒപ്പു വെച്ചത്.

2016 നവംബര്‍ 8 നാണ് രാജ്യത്ത് 500 ന്റേയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചു കൊണ്ടുള്ള അപ്രതീക്ഷിത പ്രഖ്യാപനം മോദി നടത്തിയത്. പകരമെത്തിയത് 2000 ന്റെ നോട്ടുകളാണ്. പിന്നാലെ പുതിയ 500 ന്റെ നോട്ടുമെത്തി. എന്നാല്‍ മൂല്യം കുറഞ്ഞ നോട്ടുകളുടെ ദൗര്‍ലഭ്യം പണത്തിന്റെ വിനിമയത്തിന് പലപ്പോഴും തടസ്സമാകുന്നുവെന്ന പരാതിയെത്തുടര്‍ന്ന് പുതിയ 200 രൂപാ നോട്ടിന്റെ അച്ചടി റിസര്‍വ്വ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications