ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആരാധകനെയും മകനെയും വെടിവെച്ചുകൊന്നു
ദില്ലി: ദേരാ സച്ചാ സൗധാ സ്ഥാപകന്‍ ഗുര്‍മീത് റാം റഹീമിന്റെ ഭക്തനെയും മകനെയും അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. പഞ്ചാബിലെ മലൗദിനടുത്ത് ജഗ്ര ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ആരാധകര്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന സ്ഥലത്ത് ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
സത്പാല്‍ കുമാര്‍(64), രമേഷ്(35) എന്നിവരാണ് മരിച്ചത്. ദേരാ സച്ചാ സൗധാ പ്രസ്ഥാനവും സിഖ് സംഘടനയും തമ്മിലുള്ള തര്‍ക്കമാണ് വെടിവെപ്പിനിടയാക്കിയതെന്നാണ് സൂചന. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും വെടിവെയ്പ് നടത്തിയവര്‍ മുഖം മറച്ചതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരെയും പ്രാര്‍ഥനാ സ്ഥലത്തെ കാന്റീനിലാണ് വെടിവെച്ചത്.

സിഖ് സംഘടനയാണോ പിന്നിലെന്ന് പോലീസ് ഉറപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും വെടിയേല്‍ക്കുമ്പോള്‍ സ്ഥലത്ത് ഒട്ടേറെപേര്‍ ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവരെ ആക്രമിക്കാത്തത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. വ്യക്തി വൈരാഗ്യമായിരിക്കാം കൊലയ്ക്ക് കാരണമെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ സൂചിപ്പിച്ചു.
സിഖ് ഗുരു, ഗുരു ഗോവിന്ദ് സിങ്ങിനെ അനുകരിച്ച് ഗുര്‍മീത് റാം റഹീം വേഷം ധരിക്കുന്നതാണ് സിഖ് സംഘടനയില്‍ നിന്നും ദേരാ സച്ചാ സൗധാ എതിര്‍പ്പ് നേരിടാന്‍ കാരണം. 2007മുതല്‍ ഇതുസംബന്ധിച്ച് തര്‍ക്കവും ആക്രമണങ്ങളും നടക്കുന്നുണ്ട്. പഞ്ചാബ് ഇലക്ഷനുശേഷം ആദ്യമാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കലാപം ഒഴിവാക്കാന്‍ പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications