വിജയ് മല്യ ഒളിച്ചോടില്ല, അയാള്‍ കര്‍ണാടകയുടെ മകന്‍: ദേവഗൗഡ
ബെംഗളൂരു: രാജ്യസഭ എം പിയും മദ്യരാജാവുമായ വിജയ് മല്യയ്ക്ക് വേണ്ടി മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ രംഗത്ത്. വിജയ് മല്യ കര്‍ണാടകയുടെ മകനാണ് എന്നാണ് ദേവഗൗഡ പറയുന്നത്. മല്യ എവിടേക്കും ഒളിച്ചോടില്ല. കിംഗ്ഫിഷര്‍ മാത്രമല്ല, ഒട്ടുമിക്ക വിമാനക്കമ്പനികളും നഷ്ടത്തിലാണ് ഓടുന്നത്. വിജയ് മല്യയെ മാത്രം ലക്ഷ്യം വെക്കേണ്ട കാര്യമില്ല എന്നും 82 കാരനായ എച്ച് ഡി ദേവഗൗഡ പറയുന്നു.

വിജയ് മല്യയെ രണ്ട് തവണ രാജ്യസഭയിലേക്ക് അയച്ചപ്പോഴും പിന്തുണച്ച പാര്‍ട്ടിയാണ് ദേവഗൗഡയുടെ ജനതാദള്‍ എസ്. കോണ്‍ഗ്രസ് പിന്തുണച്ച ടി വി മാരുതി എന്ന സില്‍ക്ക് വ്യവസായിയെ തോല്‍പിച്ചാണ് ജെ ഡി എസിന്റെയും ബി ജെ പിയുടെയും പിന്തുണയോടെ വിജയ് മല്യ രാജ്യസഭയില്‍ എത്തിയത്. വിജയ് മല്യയുടെ തിരോധാനത്തെപ്പറ്റി ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടാണ് ദേവഗൗഡ ഇക്കാര്യം പറഞ്ഞത്. 2004ല്‍ കോണ്‍ഗ്രസും ജെ ഡി എസുമാണ് മല്യയെ രാജ്യസഭയില്‍ എത്തിച്ചത്.
1996 ജൂണ്‍ 1 നാണ് എച്ച് ഡി ദേവഗൗഡ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. മുന്‍പ് കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ കടമെടുത്ത് തിരിച്ചടക്കാതെ മുങ്ങിനടക്കുന്ന വിജയ് മല്യയ്ക്ക് പിന്തുണയുമായി എത്തുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവല്ല ദേവഗൗഡ. വിജയ് മല്യ ഒരു തട്ടിപ്പുക്കാരനല്ല, മാന്യനാണ് എന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയും കഴിഞ്ഞ ദിവസം പറഞ്ഞത്.

എന്തിനാണ് വിജയ് മല്യയെ അറസ്റ്റ് ചെയ്യുന്നത് എന്നായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ ചോദ്യം. അദ്ദേഹം തിരിച്ചുവരും. മറുപടിയും പറയും. മല്യ ഒരു മാന്യനാണ്. തട്ടിപ്പുകാരനല്ല - ഫറൂഖ് അബ്ദുള്ളയ്ക്ക് പറയാനുണ്ടായിരുന്നത് ഇതാണ്. ഏഴായിരം കോടിയോളം രൂപയാണ് മല്യ പതിനേഴ് ബാങ്കുകളിലായി തിരിച്ചടക്കാനുള്ളത്. സി ബി ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ മല്യ ലണ്ടനിലേക്ക് കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications