രാജ്യത്തെ 5ജി നെറ്റ്‌വർക്ക് വികസനം അവസാന ഘട്ടത്തില്‍: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
ദില്ലി: 5ജി നെറ്റ്‌വർക്ക് വികസനം അവസാന ഘട്ടത്തിലാണെന്ന് ടെലികോം മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്. ഇന്ത്യയിലെ ടെലികോം കമ്പനികൾക്ക്, യോഗ്യതയുള്ള വിദേശ കമ്പനികളുമായി സംവദിക്കുന്നതിന് അവസരം നൽകുന്നതിനായി സംഘടിപ്പിച്ച, അന്താരാഷ്ട്ര ബിസിനസ് എക്‌സ്‌പോ 'ഇന്ത്യ ടെലികോം 2022' - ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് . കേന്ദ്ര കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ദേവു സിൻഹ ചൗഹൻ ഉള്‍പ്പടേയുള്ളവർ പരിപാടിയില്‍ സന്നിഹിതനായിരുന്നു.
കേന്ദ്ര വാണിജ്യ വകുപ്പിന്റെ മാർക്കറ്റ് ആക്‌സസ് ഇനിഷ്യേറ്റീവ് സ്‌കീമിന് (MAI) കീഴിൽ, ടെലികോം എക്യുപ്‌മെന്റ് ആൻഡ് സർവീസസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (TEPC) ആണ് 2022 ഫെബ്രുവരി 8 മുതൽ 10 വരെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്, കേന്ദ്ര വിദേശകാര്യമന്ത്രാലയം, വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ എന്നിവയും പരിപാടിയെ പിന്തുണയ്ക്കുന്നുണ്ട്. 45-ലധികം രാജ്യങ്ങളിൽ നിന്നുള്ള യോഗ്യതയുള്ള ബയർമാരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. സമ്മേളനത്തിന് പുറമെ 40-ലധികം ഇന്ത്യൻ ടെലികോം കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങളും കഴിവുകളും എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ് നിർമ്മാണം 75 ശതകോടി യുഎസ് ഡോളറിനടുത്താണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത് 20% CAGR-ഇൽ കൂടുതൽ വളർച്ച രേഖപെടുത്തുന്നു. രാജ്യം തദ്ദേശീയമായി 4G കോർ & റേഡിയോ നെറ്റ്‌വർക്ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. 5ജി നെറ്റ്‌വർക്ക് വികസനത്തിന്റെ അവസാന ഘട്ടത്തിലാണ്. 'ഇന്ത്യ ടെലികോം 2022' സാങ്കേതികവിദ്യയുടെയും ബിസിനസ്സ് വിനിമയത്തിന്റെയും ഒത്തുചേരലിനുള്ള ഒരു വേദിയാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
സ്വകാര്യ ടെലികോം കമ്പനികള്‍ 5 ജി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ സ്‌പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തുമെന്ന് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. 5ജി സാങ്കേതിക വിദ്യ കൂടുതല്‍ ജോലി സാധ്യതകള്‍ തുറക്കും. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 5 ജി സേവനങ്ങള്‍ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കിത്തുടങ്ങും.5 ജി ക്കൊപ്പം ഗ്രാമീണ മേഖലയില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാകും. എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കല്‍ 2025 ഓടെ പൂര്‍ത്തിയാകുമെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications