ദേവയാനിക്ക് മാപ്പില്ല;നിയമ നടപടി തുടരും
ന്യൂയോര്‍ക്ക്: ആമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെക്കെതിരെയുള്ള നിയമ നടപടികള്‍ തുടരുമെന്ന് അമേരിക്ക ആവര്‍ത്തിച്ചു. ദേവയാനിക്ക് മാപ്പ് നല്‍കുകയോ വിചാരണയില്‍ നിന്ന് ഒഴിവാക്കുകയോ ചെയ്യില്ല. ഇന്ത്യന്‍ നയതന്ത്രജ്ഞക്കെതിരെ കൂടുതല്‍ തെളിവുകള്‍ സമാഹരിച്ചുകൊണ്ടിരിക്കുകയാണ് അമേരിക്ക എന്നാണ് വിവരം.
2014 ജനുവരി 13 നാണ് ദേവയാനിക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കുക. അതിന് മുമ്പായി ഇവര്‍ക്കെതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ആവശ്യപ്പെടുന്നതുപോലെ ദേവാനിക്ക് നയതന്ത്ര പരിഗണന നല്‍കാന്‍ സാധ്യമല്ലെന്നാണ് അമേരിക്കയില്‍ നിന്ന് ലഭിക്കുന്ന വിവരം.

ദേവയാനി വിഷയത്തില്‍ അമേരിക്ക മാപ്പുപറയണം എന്നതാണ് ഇന്ത്യയുടെ ആവശ്യം. ഇക്കാര്യം സാധ്യമല്ലെന്ന് അമേരിക്ക ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. ഇതിന്റെ തെളിവാണ് കുറ്റപത്രം തയ്യാറാക്കലും തെളിവ് ശേഖരിക്കലും. ദേവാനിക്കെതിരെ എടുത്ത ഓരോ നടപടിയും നിയത്തിന്റെ വഴിക്ക് തന്നെയാണെന്നാണ് അമേരിക്കയുടെ നിലപാട്.
2013 ഡിസംബര്‍ 12 നാണ് അമേരിക്കയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ആയ ദേവയാനി ഖോബ്രഗ്രഡെ അറസ്റ്റ് ചെയ്യപ്പെട്ടത്. വീട്ടുജോലിക്കാരിക്ക് മിനിമം വേതനം നല്‍കിയില്ല, വിസ അപേക്ഷയില്‍ കൃത്രിമം കാണിച്ചു എന്നീ കാര്യങ്ങള്‍ കാണിച്ചായിരുന്നു അറസ്റ്റ്. ദേവയാനിയെ വിവസ്ത്രയാക്കി പരിശോധിക്കുകയും കാവിറ്റി ടെസ്റ്റിന് വിധേയയാക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ ഇടപെടലിനെ തുടര്‍ന്ന് ദേവയാനിയെ ഐക്യരാഷ്ട്ര സഭ ദൗത്യ സംഘത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ സമ്പൂര്‍ണ നയതന്ത്ര പരിരക്ഷയിലാണ് ദേവയാനി ഉള്ളത്. അറസ്റ്റ് ചെയ്യപ്പെട്ട സമയത്തും ദേവയാനിക്ക് ഐക്യരാഷ്ട്രസഭയുടെ നിയമപ്രകാരം നതയതന്ത്ര പരിരക്ഷ ലഭിക്കേണ്ടതായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ദേവയാനിക്കെതിരെ കടുത്ത നടപടി എടുക്കാന്‍ കഴിയില്ല. അതുകൊണ്ട് കേസ് സസ്‌പെന്ഡ് ചെയ്യാനാണ് സാധ്യത എന്നറിയുന്നു. ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ദേവയാനി പിന്നീടെപ്പോഴെങ്കിലും അമേരിക്കയിലെത്തുകയാണ് വീണ്ടും അറസ്റ്റ് ചെയ്യപ്പെടും എന്ന് ഉറപ്പാണ്.












Click it and Unblock the Notifications