ഇന്ത്യയിലാകെ 11,394 പൈലറ്റുമാര്‍; വനിതകള്‍ 1,871: വിദേശ വിമാനക്കമ്പനികള്‍ക്ക് നിയന്ത്രണങ്ങളുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ജോലി ചെയ്യുന്ന പൈലറ്റുമാരുടെ എണ്ണത്തെക്കുറിച്ച് പാര്‍ലമെന്റില്‍ കണക്കുകള്‍ നിരത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പ്രമുഖ ആഭ്യന്തര വിമാനക്കമ്പനികളിലായി നിലവില്‍ 11,394 പൈലറ്റുമാര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 1,871 പേര്‍ വനിതകളാണ്. സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോളാണ് പൈലറ്റുമാരുടെ എണ്ണത്തെക്കുറിച്ചും വിദേശ വിമാനക്കമ്പനികള്‍ക്കായി കൊണ്ടുവരുന്ന പുതിയ നിയന്ത്രണങ്ങളെ കുറിച്ചുമുള്ള സുപ്രധാന വിവരങ്ങള്‍ പാര്‍ലമെന്റിനെ അറിയിച്ചത്. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ സ്ത്രീ പ്രാതിനിധ്യത്തിന്റെ വളര്‍ച്ച സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ പൈലറ്റുമാരുടെ എണ്ണം
രാജ്യത്ത് ഏറ്റവും കൂടുതല്‍ പൈലറ്റുമാരുള്ളത് ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ്. വനിതാ പൈലറ്റുമാരുടെ എണ്ണത്തിലും ഇന്‍ഡിഗോയാണ് മുന്നില്‍. 970 വനിതകള്‍ ഉള്‍പ്പെടെ ആകെ 5,200 പൈലറ്റുമാരാണ് ഇന്‍ഡിഗോയില്‍ ജോലി ചെയ്യുന്നത്. രണ്ടാം സ്ഥാനത്തുള്ള എയര്‍ ഇന്ത്യയില്‍ 508 വനിതകള്‍ ഉള്‍പ്പെടെ 3,123 പൈലറ്റുമാരുണ്ട്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിലാകട്ടെ 234 വനിതകള്‍ ഉള്‍പ്പെടെ 1,820 പൈലറ്റുമാരും ആകാശ എയറില്‍ 76 വനിതകള്‍ ഉള്‍പ്പെടെ 761 പൈലറ്റുമാരും ജോലി ചെയ്യുന്നുണ്ട്. സ്‌പൈസ് ജെറ്റില്‍ 375 പൈലറ്റുമാരുള്ളതില്‍ 58 പേര്‍ സ്ത്രീകളാണ്. ഏറ്റവും കുറവ് പൈലറ്റുമാരുള്ള അലയന്‍സ് എയറില്‍ 25 വനിതകള്‍ ഉള്‍പ്പെടെ 115 പേരാണുള്ളത്. ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ ജോലി ചെയ്യുന്ന വിദേശ പൈലറ്റുമാരുടെ കണക്കുകളും സര്‍ക്കാര്‍ പുറത്തുവിട്ടു. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 48, ഇന്‍ഡിഗോയില്‍ 29, അലയന്‍സ് എയറില്‍ 15 എന്നിങ്ങനെയാണ് വിദേശ പൈലറ്റുമാരുള്ളത്.
പൈലറ്റ്-വിമാന അനുപാതം
ഓരോ വിമാനത്തിനും എത്ര പൈലറ്റുമാര്‍ എന്ന കണക്കില്‍ സ്‌പൈസ് ജെറ്റാണ് മുന്നില്‍ നില്‍ക്കുന്നത്. സ്‌പൈസ് ജെറ്റില്‍ ഒരു വിമാനത്തിന് 9.4 പൈലറ്റുമാര്‍ എന്ന നിലയിലാണുള്ളത്. ആകാശ എയറില്‍ ഇത് 9.33, എയര്‍ ഇന്ത്യയില്‍ 9.1, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 8.8, ഇന്‍ഡിഗോയില്‍ 7.6 എന്നിങ്ങനെയാണ് അനുപാതം. അലയന്‍സ് എയറിലാണ് ഏറ്റവും കുറഞ്ഞ അനുപാതമുള്ളത്; ഇവിടെ ഒരു വിമാനത്തിന് ആറ് പൈലറ്റുമാര്‍ മാത്രമാണുള്ളത്.
വിദേശ വിമാനക്കമ്പനികള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍
ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന വിദേശ വിമാനക്കമ്പനികള്‍ക്ക് നിയന്ത്രണം കടുപ്പിക്കാന്‍ വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡിജിസിഎ തീരുമാനിച്ചു. പുതിയ നിര്‍ദ്ദേശപ്രകാരം വിദേശ വിമാനക്കമ്പനികള്‍ക്ക് ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. അതോടൊപ്പം പ്രാദേശിക പ്രതിനിധികള്‍ക്ക് കൂടുതല്‍ നിയമപരമായ ഉത്തരവാദിത്തം നല്‍കാനും യാത്രക്കാരുടെ പരാതികള്‍ അറിയിക്കാന്‍ കൃത്യമായ സംവിധാനം ഒരുക്കാനും ഡിജിസിഎ നിര്‍ദേശിച്ചിട്ടുണ്ട്. വിദേശ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മേല്‍നോട്ടം ഉറപ്പാക്കുന്നതിനാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.












Click it and Unblock the Notifications