വയോധികയ്ക്ക് വീൽചെയർ നൽകാൻ വൈകിയ സംഭവം: എയർഇന്ത്യയോട് റിപ്പോർട്ട് തേടി ഡിജിസിഎ
ഡൽഹി: നേരത്തെ ബുക്ക് ചെയ്ത വീൽചെയർ വൈകിയതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 82 കാരിയായ യാത്രക്കാരി വീണ് പരിക്കേറ്റ സംഭവത്തിൽ ഡയറക്ടറൽ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( ഡി ജി സി എ ) എയർ ഇന്ത്യയോട് വിശദമായ റിപ്പോർട്ട് തേടി. മസ്തിഷ്ക ആഘാതതത്തെ തുടർന്ന് സ്ത്രീയെ ഐ സി യുവിൽ പ്രവേശിപ്പിച്ചു. " ഞങ്ങൾ തിങ്കളാഴ്ചയ്ക്കകം തെളിവുകളോടെ വിശദമായ റിപ്പോർട്ട് എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട് " മുതിർന്ന ഡി ജി സി എ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡി ജി സി എ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഞായറാഴ്ച ബെംഗളൂരുവിലെ ഐ എ എഫിന്റെ കമാൻഡ് ഹോസ്പിറ്റലിൽ ഒക്ടോജെനറിയന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി. രേഖാമൂലമുള്ള പരാതി വീട്ടുകാർ ഔദ്യോഗികമായി കൈമാറി. വീൽചെയർ നൽകുന്നതിൽ കാലാതാമസം വരുത്തിയതിനെ തുടർന്ന് ചെക്ക് ഇൻ കൗണ്ടറിലേക്ക് പോകുന്നതിനിടയിൽ മാർച്ച് 4 ന് ഡൽഹി വിമാനത്താവളത്തിൽ രാജ് പാസ്റിച്ച എന്ന സ്ത്രീക്ക് തലയ്ക്കും മുഖത്തും പരിക്കേറ്റിരുന്നു. ബംഗളൂരുവിലേക്കുള്ള വിമാന ടിക്കറ്റ് എടുക്കുന്ന സമയത്ത് വീൽചെയർ ബുക്ക് ചെയ്തിരുന്നു.

ഡൽഹി വിമാനത്താവളത്തിൽ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും യാത്രയിലുടനീളം രക്ത സ്രാവം തുടരുകയും ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോൾ തുന്നലിടുകയും ചെയ്തു.
എന്നാൽ വിമാനം പുറപ്പെടുന്നതിന് 90 മിനിറ്റ് മുമ്പ് മാത്രമാണ് യാത്രക്കാരി എത്തിയതെന്നാണ് എയർ ഇന്ത്യ പറയുന്നത്. അതേ സമയം വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും റിപ്പോർട്ട് ചെയ്യാൻ എയർലൈൻ ശുപാർശ ചെയ്യുന്നു. ചെക്ക്-ഇൻ കൗണ്ടറുകൾ പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് അടയ്ക്കും.
ഒരു മണിക്കൂറോളം കാത്തിരുന്നുവെന്ന ആരോപണം തെറ്റാണെന്ന് എയർ ഇന്ത്യ പറഞ്ഞു. അവർ വന്ന് 15 മിനിറ്റിനുള്ളിൽ വീൽചെയർ ലഭ്യമാക്കാൻ സാധിച്ചില്ലെന്നും തുടർന്ന് അവർ സ്വമേധയ ഒപ്പമുള്ളവരുടെ സഹായത്തോടെ നടക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും സംഭവം നടന്ന ഉടനെ തന്നെ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് പ്രഥമ ശ്രുശൂഷ നൽകിയിരുന്നുവെന്നും എയർ ഇന്ത്യ പറഞ്ഞു.
മാർച്ച് 5 ന് കമാൻഡ് ഹോസ്പിറ്റലിൽ കൊണ്ടുവന്നതിന് ശേഷം മസ്തിഷ്കാഘാതത്തെ തുടർന്ന് നാല് ദിവസത്തേക്ക് ഐ സിയുവിൽ ഇവരെ പ്രവേശിപ്പിച്ചു. ശനിയാഴ്ച അവരെ ഫാമിലി വാർഡിലേക്ക് മാറ്റി












Click it and Unblock the Notifications