മംഗളൂരുവില്‍ കസ്റ്റഡിയിലായ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: മംഗളൂരുവില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ് മേധാവ് ലോക്നാഥ് ബെഹ്റ. കര്‍ണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാമെന്നും കര്‍ണാടക ഡിജിപിയോടും സംഭവത്തെ കുറിച്ച് ചര്‍ച്ച നടത്തുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്തു വെച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ളവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ നടന്ന പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടുപേരുടെ മൃതദേഹം വെന്‍ലോക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷ്ണര്‍ ഹര്‍ഷയുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടായത്.

ആദ്യം മാധ്യമപ്രവര്‍ത്തകരോട് സ്ഥലത്ത് നീന്ന് നീങ്ങാന്‍ ആവശ്യപ്പെടുകയും പിന്നീട് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണും ക്യാമറ അടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് വെച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് വരികയായിരുന്നു ഇവര്‍.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയില്‍ വലിയ വിമര്‍ശനമാണ് വിവധ കോണുകളില്‍ നിന്നും ഉയരുന്നത്. നാട്ടില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അറിയുന്നതില്‍ എന്തോ അപകടമുണ്ടെന്ന് കരുതുന്നവരാണ് മാധ്യമപ്രവര്‍ത്തകരെ തടയുന്നതെന്ന് റവന്യൂ മന്ത്രി ഈ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നു ഇതിന് ന്യായീകരണം ഇല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications