തമിഴക എഴുച്ചി കഴകം; ധനുഷ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്, അടുത്ത വൃത്തങ്ങള്‍ പറയുന്നത്..
വിജയ് തമിഴ് രാഷ്ട്രീയത്തില്‍ തിളങ്ങിയ പിന്നാലെ കൂടുതല്‍ താരങ്ങള്‍ ഈ വഴി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. നടന്‍ ധനുഷിന്റെ പേരാണ് ഇക്കൂട്ടത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ശിവകാര്‍ത്തികേയന്‍ രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ രണ്ടിലും ഔദ്യോഗിക പ്രതികരണം ലഭ്യമല്ല. പ്രചാരണം ശക്തിപ്പെട്ട വേളയില്‍ ധനുഷുമായി അടുപ്പമുള്ളവര്‍ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞു.
തമിഴക എഴുച്ചി കഴകം എന്ന പേരില്‍ ധനുഷ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചു എന്നാണ് വാര്‍ത്തകള്‍. 2031ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ധനുഷ് നീങ്ങുന്നത് എന്നും വാര്‍ത്തകളുണ്ട്. പാര്‍ട്ടിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതിന് പുതിയ സമിതി രൂപീകരിക്കാന്‍ ധനുഷ് നിര്‍ദേശിച്ചു എന്നും പ്രചരിപ്പിക്കപ്പെടുന്നു. ഒടുവില്‍ അദ്ദേഹത്തിന്റെ അടുപ്പമുള്ളവര്‍ ഡെക്കാള്‍ ഹെറാള്‍ഡിനോട് പ്രതികിച്ചു.

രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ധനുഷിന് താല്‍പ്പര്യമില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അടിസ്ഥാന രഹിതമായ വാര്‍ത്തയാണിത്. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടില്ല. വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ ധനുഷ് സമീപിച്ചിട്ടില്ല. ആരാധകരുടെ കൂട്ടായ്മ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയമായി വ്യാഖ്യാനിക്കുകയാണെന്നും ധനുഷിന്റെ അടുത്ത വൃത്തങ്ങള്‍ ഡെക്കാള്‍ ഹെറാള്‍ഡിനോട് പറഞ്ഞു.
ധനുഷ് പൂര്‍ണമായും സിനിമയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. സാമൂഹിക സേവനങ്ങളും അദ്ദേഹം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അല്ലെന്നും അവര്‍ വ്യക്തമാക്കി. ധനുഷ് രാഷ്ട്രീയത്തില്‍ സജീവമാകുന്നു എന്ന തോന്നലുണ്ടാക്കുന്ന ചില നീക്കങ്ങള്‍ താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. വിജയ് ചെയ്തതിന് സമാനമായ നീക്കങ്ങളായിരുന്നു അത് എന്നതാണ് ഈ വ്യാഖ്യാനത്തിന് കാരണം.
ധനുഷിന്റെ ആരാധകരുടെ കൂട്ടായ്മ അടുത്തിടെ പുനഃസംഘടിപ്പിച്ചിരുന്നു. ജില്ലാ-മണ്ഡലം തലത്തില്‍ പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. രക്തധാനം, രക്ത ഗ്രൂപ്പ് നിര്‍ണയം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും അവര്‍ നടത്തി. കൂടുതല്‍ പേരെ ഈ സേവന മേഖലയിലേക്ക് ആകര്‍ഷിക്കണമെന്നും ജനങ്ങള്‍ക്ക് ഉപകാരമാകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നുമുള്ള ധനുഷിന്റെ വാക്കുകളും രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെട്ടു. കായിക താരത്തെ അഭിനന്ദിച്ച ധനുഷിന്റെ വേറിട്ട നീക്കവും ചര്‍ച്ചയായി.
നടന്‍ രജനികാന്തിന്റെ മുന്‍ മരുമകനാണ് ധനുഷ്. അദ്ദേഹത്തിന്റെ പിന്തുണയും ധനുഷിനുണ്ട് എന്ന് വാര്‍ത്തകളുണ്ട്. വിജയുമായി അത്ര അടുപ്പം രജനികാന്ത് പുലര്‍ത്തുന്നില്ല. മുഖ്യമന്ത്രിയായ ശേഷം പല താരങ്ങളും വിജയിയെ കാണാനെത്തിയെങ്കിലും രജനി വന്നില്ല. അതുമായി ബന്ധപ്പെട്ട ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കാനും തയ്യാറായില്ല. ഈ വേളയിലാണ് വിജയ്ക്ക് ബദലായി ധനുഷിനെ കളത്തിലിറക്കാന്‍ രജനി ആലോചിക്കുന്നു എന്ന പ്രചാരണം. എന്നാല്‍ ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.


Click it and Unblock the Notifications
