വീണ്ടും 'ദൃശ്യം മോഡൽ', കാമുകനൊപ്പം ഭർത്താവിനെ കൊന്ന് കുഴിച്ചിട്ട് മുകളിൽ സെപ്റ്റിക് ടാങ്ക് പണിത് ഭാര്യ
ദില്ലി: ഗാസിയാബാദിലെ ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്. കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ദൃശ്യം സിനിമയില്‍ നായകനായ ജോര്‍ജ് കുട്ടി മൃതദേഹം കുഴിച്ചിടുന്നത് നിര്‍മ്മാണം നടക്കുന്ന പോലീസ് സ്‌റ്റേഷന്റെ തറയിലാണ്. യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് കുഴിച്ചിടുകയും അവിടെ സെപ്റ്റിക് ടാങ്ക് പണിയുകയുമാണ് ചെയ്തത് എന്ന് പോലീസ് പറയുന്നു.
ദൃശ്യം സിനിമയില്‍ മൃതദേഹം കണ്ടെത്താന്‍ പോലീസിന് സാധിക്കുന്നില്ല. എന്നാല്‍ ഗാസിയാബാദിലെ സംഭവത്തില്‍ മൃതദേഹം പോലീസ് കണ്ടെത്തി. നീതു എന്ന യുവതിയും കാമുകന്‍ ഹര്‍പാലും ശനിയാഴ്ച അറസ്റ്റിലായി. ബിസ്രഖിലെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് നിന്ന് പോലീസ് മൃതദേഹം കണ്ടെടുത്തു. പ്രതികളെ സഹായിച്ച മൂന്നാമന്‍ ഗൗരവിനെ പോലീസ് തിരയുന്നുണ്ട്.

കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ ചോട്ടേലാല്‍ പോലീസില്‍ ജനുവരി പത്തിന് ഒരു മിസ്സിംഗ് പരാതി നല്‍കിയിരുന്നു. ഒരാഴ്ചയായി സഹോദരനായ സതീഷിനെ കാണാനില്ലെന്നായിരുന്നു പരാതി. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് ഭാര്യയായ നീതുവിനെ പോലീസ് ചോദ്യം ചെയ്തത്. കാരണം ഏഴ് ദിവസമായി ഭര്‍ത്താവിനെ കാണാതായിട്ടും നീതു പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ നീതുവിനെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസിന് കാര്യമായ സൂചനകളൊന്നും തന്നെ ലഭിച്ചിരുന്നില്ല.
ഗൗര്‍ സിറ്റിയിലെ താമസക്കാരനായ ഹര്‍പാല്‍ നീതുവിന്റെയും സതീഷിന്റെയും വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാളെ അന്വേഷിച്ചു കണ്ടെത്തി. ഇതോടെയാണ് കൊലപാതക വിവരം പുറത്ത് വന്നത്. നീതുവിന്റെയും ഗൗരവിന്റെയും സഹായത്തോടെ സതീഷിനെ കൊലപ്പെടുത്തിയതായി ഹര്‍പാല്‍ പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തി. നീതുവും ഹര്‍പാലും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇവര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.
ഹര്‍പാല്‍ നിര്‍മ്മാണ തൊഴിലാളിയാണ്. സമീപ പ്രദേശത്ത് ഹര്‍പാല്‍ ജോലി ചെയ്യുന്ന വീട് നിര്‍മ്മാണ സ്ഥലത്ത് സതീഷിനെ കൊന്ന് മൃതദേഹം കുഴിച്ചിടാന്‍ മൂവരും ചേര്‍ന്ന് തീരുമാനിച്ചു. ജനുവരി 2ന് നീതു ഭര്‍ത്താവിന് വിഷം നല്‍കി. അതിന് ശേഷം കഴുത്ത് ഞെരിച്ച് സതീഷിനെ കൊലപ്പെടുത്തി. ശേഷം മൃതദേഹം വീട് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് എത്തിച്ച് കുഴിച്ചിട്ട ശേഷം അതിന് മുകളില്‍ സെപ്റ്റിക് ടാങ്ക് നിര്‍മ്മിച്ചു. ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications