നടൻ വിക്രമിന്റെ മകൻ ധ്രുവിന്റെ കാർ അപകടത്തിൽപെട്ടു; മൂന്ന് പേർക്ക് പരുക്ക്
ചെന്നൈ: നടൻ വിക്രമിന്റെ മകൻ ധ്രുവ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ധ്രുവ് സഞ്ചരിച്ചിരുന്ന ആഡംബര കാർ വഴിയിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 3 പേർക്ക് പരുക്കേറ്റു. ധ്രുവ് പരുക്കേൽക്കാതെ രക്ഷപെട്ടു.
ചെന്നൈയിലേ തേനാംപേട്ടിനടുത്താണ് സംഭവമുണ്ടായത്. മൂന്ന് സുഹൃത്തുക്കളും ധ്രുവിനൊപ്പം കാറിൽ ഉണ്ടായിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ വസതിക്ക് സമീപമെത്തിയപ്പോൾ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോറിക്ഷകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ഓട്ടോയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോറിക്ഷകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ധ്രുവ് മദ്യപിച്ചിരുന്നതായും അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. സംവിധായകൻ ബാലയുടെ പുതിയ ചിത്രമായ വർമയിലൂടെ സിനിമാപ്രവേശനത്തിന് ഒരുങ്ങുകയാണ് ധ്രുവ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 2018 അവസാനത്തോടെ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.













Click it and Unblock the Notifications