ധ്യാൻചന്ദല്ല, സച്ചിനാണ് ഇന്നത്തെ താരം
ദില്ലി: ലതാ മങ്കേഷ്കറിന് ഭാരതരത്നം കിട്ടിയപ്പോൾ അല്ല യേശുദാസിനായിരുന്നു അത് കൊടുക്കേണ്ടിയിരുന്നത് എന്ന് വാദം ഉന്നയിച്ചവരുണ്ട്. പുരസ്കാരങ്ങളുടെ കാര്യത്തിലെ തർക്കങ്ങൾ അത്രയേ ഉള്ളൂ എന്നതാണ്. എന്നാൽ സച്ചിൻ തെണ്ടുൽക്കറിൻറെ കാര്യതത്തിൽ അതങ്ങനെയല്ല. സച്ചിനൊപ്പം കളിച്ച ഒരാളുടെ പേരിലല്ല കായികപ്രേമികൾ വാദം ഉന്നയിക്കുന്നത്. രാജ്യം കണ്ട എക്കാലത്തെയും മികച്ച കായികതാരമായ സാക്ഷാൽ ധ്യാൻചന്ദിൻറെ പേരിലാണത്. ഇക്കാര്യത്തിൽ സച്ചിന് പോലും എതിരഭിപ്രായം ഉണ്ടാകാൻ വഴിയില്ല.
ധ്യാന്‍ചന്ദിനെ ഭാരത രത്‌നക്ക് ശുപാര്‍ശ ചെയ്ത്‌കൊണ്ട് കേന്ദ്ര കായികമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കായിക മേഖലയില്‍ നിന്നുള്ള ആദ്യ ഭാരതരത്‌നം ധ്യാൻചന്ദിനായിരിക്കും എന്നും പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. നേരത്തെ ധ്യാന്‍ ചന്ദിന് ഭാരതരത്‌നം നല്‍കണമെന്നാവശ്യപ്പെട്ട് 82 എംപി മാര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് നൽകിയിരുന്നു. എന്നാൽ അന്നത് പരിഗണിക്കപ്പെട്ടില്ല.

ഭാരത് രത്‌ന പുരസ്‌കാരത്തിന് കായികമേഖലയെ പരിഗണിക്കാറില്ല എന്ന വാദമാണ് ധ്യാൻചന്ദിനെ ഭാരതരത്നത്തിൽ നിന്നും അകറ്റിയത്. എന്നാൽ നിയമഭേദഗതി വന്ന ശേഷവും ധ്യാൻചന്ദിനെ തള്ളി സച്ചിനെ പരിഗണിച്ചതിലാണ് എതിർശബ്ദങ്ങൾ ഉയരുന്നത്. ലോകകായികരംഗത്ത് ഇന്ത്യ സംഭാവന ചെയ്ത എക്കാലത്തെയും മികച്ച താരമാണ് ധ്യാൻചന്ദ്. ഹോക്കിയെന്നത് ഇന്ത്യയുടെ ദേശീയ വിനോദം കൂടിയാണ് എന്നതും പരിഗണിക്കേണ്ടതുണ്ടായിരുന്നു.
ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായി മൂന്നു തവണ ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയതിന് പ്രധാന കാരണമായ ധ്യാൻചന്ദിനെ മാറ്റി നിർത്തി സച്ചിൻറെ വിടവാങ്ങലിൽ നിന്നുയരുന്ന ജനവികാരം മുതലാക്കാനുള്ള രാഷ്ട്രീയക്കണ്ണാണ് യു പി എ സർക്കാരിനെക്കൊണ്ട് ഇത്തരം ഒരു കളി കളിപ്പിച്ചത് എന്ന് പറയുന്നവരുമുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനാണ് എന്നതിൽ തർക്കമില്ല, എന്നാൽ അത് ധ്യാൻചന്ദിന് ശേഷമായിരിക്കണമായിരുന്നു എന്ന് മാത്രം.
ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ മേജര്‍ പദവി നല്‍കി സ്വന്തം രാജ്യത്തേക്ക് ക്ഷണിച്ച, രണ്ടു കൈകള്‍ കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല ഈ അദ്ഭുതതാരം ചെയ്യുന്നതെന്ന് കാണിക്കാനായി നാലുകൈകളോട് കൂടി വിയന്നയില്‍ പടുകൂറ്റൻ പ്രതിമയായി ആരാധകർ അത്ഭുതത്തോടെ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദിനോടുള്ള നീതികേടായിപ്പോയി ഇതെന്നാണ് കായികപ്രേമികളുടെ പക്ഷം.
എന്നാൽ ജനകീയതയിലും സ്വാധീനത്തിലും മുന്നിൽ നിൽക്കുന്ന സച്ചിൻ തന്നെയാണ് ഭാരതരത്നയ്ക്ക് അർഹൻ എന്ന വാദവുമായി സച്ചിൻ ആരാധകരും രംഗത്തുണ്ട്.












Click it and Unblock the Notifications