Get Updates
Get notified of breaking news, exclusive insights, and must-see stories!

കുംഭമേളയില്‍ ഈ ഉത്സാഹം കണ്ടില്ലല്ലോ? ബിജെപിക്കെതിരേ സ്റ്റാലിന്‍; വിജയ് കരൂരിലേക്ക്

ചെന്നൈ: കരൂരില്‍ നടന്‍ വിജയ് നയിച്ച ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ മരിച്ച ദുരന്തത്തെച്ചൊല്ലി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പോര് മുറുകുന്നു. ബിജെപിക്കെതിരേ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ദുരന്തസ്ഥലത്ത് അന്വേഷണത്തിനായി നടി ഹേമമാലിനിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാരുടെ സംഘത്തെ അയച്ചതിനാണ് ബിജെപിയുമായി സ്റ്റാലിന്‍ കൊമ്പുകോര്‍ക്കുന്നത്.

മണിപ്പൂര്‍ കലാപം, ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കുംഭമേളയ്ക്കിടെയുണ്ടായ ദുരന്തം എന്നിവ അന്വേഷിക്കാന്‍ ഒരു പാനലിനെയും ബിജെപി അയച്ചിട്ടില്ലെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കരൂരില്‍ വളരെ പെട്ടെന്നാണ് സംഘത്തെ അയച്ചത്. ഇത് ദുരന്തത്തെക്കുറിച്ചുള്ള ആശങ്ക കൊണ്ടല്ല, മറിച്ച് അടുത്ത വര്‍ഷത്തെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാണെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു. ഈ അന്വേഷണം രാഷ്ട്രീയ നേട്ടത്തിനും മറ്റു പാര്‍ട്ടികളെ ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്താനുമാണെന്ന് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

vijay

ബോളിവുഡ് നടി ഹേമമാലിനിയുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘമാണ് കരൂരിലെ ദുരന്തസ്ഥലം സന്ദര്‍ശിച്ചത്. ദുരന്തത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ കാണുകയും ചെയ്തത്. ഇതാണ് സ്റ്റാലിന്‍ വിമര്‍ശിച്ചത്.

അതിനിടെ അപകടം നടന്ന കരൂര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് വിജയ്. കരൂര്‍ സന്ദര്‍ശിക്കുമെന്ന് വിജയ് പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിന് ശേഷമാണ് വിജയ് ഇക്കാര്യം അറിയിച്ചത്. മുന്നൊരുക്കങ്ങള്‍ നടത്താന്‍ 20 അംഗ സംഘത്തിന് ചുമതല നല്‍കി. പ്രധാന സംസ്ഥാന ഭാരവാഹികള്‍ ഒളിവിലായതിനാല്‍ പുതിയ സംഘത്തിനാണ് ചുമതല. മരിച്ചവരുടെയും സാരമായി പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ വിജയ് സന്ദര്‍ശിക്കും.

കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഒളിവിലാണ്. തമിഴ്‌നാടിനെ ഞെട്ടിച്ച ദുരന്തത്തിനു ശേഷം ടിവികെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ആകെ താളം തെറ്റിയ നിലയിലാണ്. ദുരന്തമുണ്ടായതിന് പിന്നാലെ വിജയ് രക്ഷാപ്രവര്‍ത്തനത്തിന് പോലും നില്‍ക്കാതെ ചെന്നൈയിലേക്കു മടങ്ങിയത് ടിവികെ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കു തന്നെ വലിയ കളങ്കം ഏല്‍പ്പിക്കുകയും ചെയ്തു.

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സ്റ്റാലിന്‍ സര്‍ക്കാരിനെതിരേയും രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ദുരന്തത്തെക്കുറിച്ചുള്ള പൊലീസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തില്‍ അന്വേഷണം എങ്ങനെ സിബിഐക്ക് വിടാനാകുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. സിബിഐ അന്വേഷണ ആവശ്യം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ മാസം 27നായിരുന്നു കരൂരില്‍ ടിവികെ നടത്തിയ റാലിയില്‍ വന്‍ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലുംപ്പെട്ട് ആളുകള്‍ 41 പേരാണ് മരിച്ചത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ തിക്കും തിരക്കും തുടങ്ങി. ഇതിനിടെ വിജയ് ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുത്തതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരാണ് മരിച്ചത്. പിന്നീട് മരിച്ചവരുടെ എണ്ണം 41 ലേക്ക് ഉയരുകയായിരുന്നു. ദുരന്തം നടന്ന ഉടനെ വിജയ് സ്ഥലം വിട്ടതും വിമര്‍ശനങ്ങള്‍ക്കു കാരണമായി. ദുരന്തം ബിജെപി സര്‍ക്കാരിനെതിരേയുള്ള ആയുധമായി പ്രയോഗിക്കുകയും ചെയ്തു.

സംഭവം നടന്ന് മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് വിജയ് നേരിട്ടു വന്ന് പ്രതികരിച്ചത്. തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും തന്നോടുളള സ്നേഹം കൊണ്ടാണ് ജനങ്ങള്‍ റാലിക്കെത്തിയതെന്നും സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെ വിജയ് പറഞ്ഞു. സത്യം പുറത്തുവരുമെന്ന് വികാരാധീനനായി പറഞ്ഞ വിജയ് സംഭവത്തില്‍ ഗൂഢാലോചയ്ക്കുള്ള സാധ്യതകളും സംശയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+