എല്ലാവരെയും ഞെട്ടിച്ച് മഹാരാഷ്ട്രയിലെ കളക്ടര്‍ ബ്രോ !!
അക്കോള കളക്ടര്‍ ശ്രീകാന്താണ് തന്‍റെ ഡ്രൈവര്‍ക്ക് വ്യത്യസ്തമായ യാത്രയയപ്പ് സമ്മാനം നല്‍കി എല്ലാവരെയും ഞെട്ടിച്ചത്.
അക്കോള(മഹാരാഷ്ട്ര): വ്യത്യസ്തമായൊരു യാത്രയയപ്പിന്റെ വിശേഷങ്ങളാണ് മഹാരാഷ്ട്രയിലെ അക്കോളയിലെ ജില്ലാ ആസ്ഥാനത്ത് നിന്ന് പങ്കുവെയ്ക്കാനുള്ളത്. 35 വര്‍ഷത്തോളം സര്‍ക്കാര്‍ ഡ്രൈവറായി സേവനമനുഷ്ഠിച്ച ദിഗംബര്‍ തക്കിന്റെ യാത്രയയപ്പ് വേളയില്‍ എല്ലാവരെയും ഞെട്ടിച്ചത് അക്കോള കളക്ടര്‍ ശ്രീകാന്തായിരുന്നു.

യാത്രയയപ്പ് പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ ഡ്രൈവര്‍ ദിഗംബര്‍ തക്കിനോട് പൂക്കള്‍ കൊണ്ട് അലങ്കരിച്ച തന്റെ ഔദ്യോഗിക വാഹനത്തിലേക്ക് കളക്ടര്‍ കയറാന്‍ പറഞ്ഞപ്പോഴും ദിഗംബര്‍ ഇങ്ങനെയുള്ള ഒരു സര്‍പ്രൈസ് പ്രതീക്ഷിച്ചിരുന്നില്ല.
ഡ്രൈവര്‍ കുപ്പായത്തില്‍ കാറിന്റെ പിന്നിലെ സീറ്റില്‍ ദിഗംബര്‍ ഇരുന്നു.
ഇനി ആര് കാറോടിക്കും എന്ന് ചിന്തിച്ചിരുന്നവരെയെല്ലാം ഞെട്ടിച്ച് കൊണ്ടാണ് കളക്ടര്‍ ശ്രീകാന്ത് ഡ്രൈവര്‍ സീറ്റിലേക്ക് കയറിയത്. ഡ്രൈവറെ പുറകിലിരുത്തി കളക്ടര്‍ വണ്ടിയെടുത്തു. 35 വര്‍ഷത്തോളം 18 കളക്ടര്‍മാരുടെ സാരഥിയായിരുന്ന ദിഗംബര്‍ പടിയിറങ്ങുമ്പോള്‍ ഇതിലും വലിയൊരു സമ്മാനം അദ്ദേഹത്തിന് ലഭിക്കാനില്ലായിരുന്നു.
വര്‍ഷങ്ങളായി വിവിധ ഉദ്യോഗസ്ഥരുടെ ഡ്രൈവറായി പ്രവര്‍ത്തിച്ച ദിഗംബറിന് മറക്കാനാവാത്ത ഒരു സമ്മാനം നല്‍കണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്ന് കളക്ടര്‍ ശ്രീകാന്ത് പറഞ്ഞു. ഇത്രയും വര്‍ഷം സര്‍ക്കാരിന് വേണ്ടി സേവനമനുഷ്ഠിച്ച ദിഗംബറിനോട് നന്ദി പറയാനും കളക്ടര്‍ മറന്നില്ല.












Click it and Unblock the Notifications