പണിക്കൂലി വേണ്ട, കള്ളനും കൊണ്ടുപോകില്ല: ഡിജിറ്റല്‍ സ്വർണ വില്‍പ്പനയില്‍ റെക്കോർഡ് വർധനവ്
ദീപാവലി-ധന്‍തേരസ് ഉത്സവ നാളുകളില്‍ രാജ്യത്തെ ഡിജിറ്റൽ സ്വർണ മേഖലയിലും റെക്കോർഡ് വില്‍പ്പന. ഒക്ടോബർ 18ന് ധനതേരസിനോടനുബന്ധിച്ച് യുപിഐ വഴിയുള്ള ഡിജിറ്റൽ സ്വർണ വാങ്ങലുകൾ മാത്രം 62 ശതമാനം കുതിച്ചുയർന്ന് പുതിയ റെക്കോഡ് സൃഷ്ടിച്ചുവെന്നാണ് ദേശീയ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
ഒക്ടോബറിൽ മാത്രം 2,290 കോടി രൂപയുടെ ഡിജിറ്റൽ സ്വർണമാണ് വിറ്റഴിഞ്ഞത്. സെപ്റ്റംബറിലെ 1410 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം ഉണ്ടായിരിക്കുന്നത് വന്‍ വർധനവാണ്. പേടിഎം, ഫോൺപേ, ജാർ, ആമസോൺ പേ, ഗൂഗിൾ പേ, തനിഷ്ഖ് തുടങ്ങിയ പേയ്മെന്റ് ആപ്പുകളിലൂടെയുള്ള വിൽപ്പനയാണ് ഇതിൽ പ്രധാന പങ്ക് വഹിച്ചത്. വർഷാരംഭത്തിൽ ജനുവരിയിൽ 762 കോടി രൂപ മാത്രമായിരുന്ന വിൽപ്പന ഒക്ടോബറോടെ 2,290 കോടി രൂപയിലെത്തിയത് തുടർച്ചയായ വളർച്ചയുടെ തെളിവായി മാറി. ട്രാൻസാക്ഷനുകളുടെ എണ്ണവും സെപ്റ്റംബറിലെ 10.3 കോടിയിൽ നിന്ന് ഒക്ടോബറിൽ 11.6 കോടിയായി 13 ശതമാനം വർധിച്ചു.

സ്വർണവിലയിലെ കുതിപ്പും സുരക്ഷിത നിക്ഷേപ മാർഗമെന്ന ഖ്യാതിയും, ഒരു രൂപ മുതൽ 2 ലക്ഷം രൂപ വരെ ദിവസേന വാങ്ങാൻ കഴിയുന്ന ഫ്രാക്ഷണൽ ഉടമസ്ഥതയും, വാങ്ങാനും വിൽക്കാനുമുള്ള എളുപ്പവും ഹോം ഡെലിവറി സൗകര്യവുമാണ് ഡിജിറ്റൽ സ്വർണത്തിന്റെ ജനപ്രീതി കൂട്ടുന്നത്. എന്നാൽ നവംബറിൽ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിക്ഷേപകർക്ക് കർശന മുന്നറിയിപ്പ് നൽകി.
ഇന്ത്യയിൽ ഡിജിറ്റൽ സ്വർണം ഒരു റെഗുലേറ്ററിയുടെയും മേൽനോട്ടത്തിലല്ലെന്നും പ്ലാറ്റ്‌ഫോമുകൾ അടച്ചാൽ പണവും സ്വർണവും തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാകുമെന്നും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും പ്രമുഖ ഡിജിറ്റൽ സ്വർണ പ്ലാറ്റ്‌ഫോമുകൾ മണികൺട്രോളിനോട് വ്യക്തമാക്കിയത് സെബി മുന്നറിയിപ്പിന് ശേഷവും വിൽപ്പനയിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്നാണ്.
ഡിജിറ്റല്‍ സ്വർണം
ഉപഭോക്താക്കൾ നൽകുന്ന പണത്തിനനുസരിച്ച് MMTC-PAMP, SafeGold തുടങ്ങിയ സ്ഥാപനങ്ങൾ യഥാർഥ സ്വർണം വാങ്ങി വൗൾട്ടിൽ സുരക്ഷിതമായി സൂക്ഷിക്കുകയും ആ സ്വർണത്തിന്റെ ഡിജിറ്റൽ ടോക്കൺ നൽകുകയും ചെയ്യുന്നു. ആവശ്യമുള്ളപ്പോൾ വിൽക്കുകയോ ഫിസിക്കൽ സ്വർണമായി വാങ്ങുകയോ ചെയ്യാം.
ഡിജിറ്റൽ സ്വർണത്തിന് ജി എസ് ടി, സ്റ്റോറേജ് ചാർജ്, പ്ലാറ്റ്‌ഫോം ഫീസ് എന്നിവയുണ്ട്. സെബി നിയന്ത്രിത ഗോൾഡ് ഇടിഎഫുകള്‍ക്ക് ചാർജ് കുറവാണെങ്കിലും ഡീമാറ്റ് അക്കൗണ്ട് തുറക്കേണ്ടതിനാൽ സാധാരണക്കാർക്ക് അത് ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ എളുപ്പവും വേഗതയുമുള്ള ഡിജിറ്റൽ സ്വർണമാണ് ഇപ്പോഴും ജനങ്ങളുടെ പ്രിയപ്പെട്ട തിരഞ്ഞെടുപ്പായി തുടരുന്നത്.












Click it and Unblock the Notifications