ഡിജിറ്റല്‍ സ്വര്‍ണത്തില്‍ മാറ്റത്തിന് കേന്ദ്രം, ഓരോ യൂണിറ്റിനും യഥാര്‍ത്ഥ സ്വര്‍ണം കരുതണം!

ഡിജിറ്റല്‍ ഗോള്‍ഡ് സംബന്ധിച്ച ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഓരോ യൂണിറ്റിനും പകരമായി യഥാര്‍ത്ഥ സ്വര്‍ണം കരുതണമെന്ന വ്യവസ്ഥയും, ഈ ഉല്‍പ്പന്നത്തെ റിസര്‍വ് ബാങ്കിന്റെയും സെബിയുടേയും സംയുക്ത മേല്‍നോട്ടത്തിന് കീഴില്‍ കൊണ്ടുവരുന്നതും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ധനമന്ത്രാലയം റെഗുലേറ്റര്‍മാരില്‍ നിന്നും ബാങ്കുകളില്‍ നിന്നും മറ്റ് ബന്ധപ്പെട്ട കക്ഷികളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്. സെക്യൂരിറ്റീസ് കോണ്‍ട്രാക്റ്റ്‌സ് (റെഗുലേഷന്‍) ആക്റ്റ്, 1956 പ്രകാരം ഡിജിറ്റല്‍ ഗോള്‍ഡിനെ ഒരു നിക്ഷേപ ഉല്‍പ്പന്നമായി അംഗീകരിക്കണമെന്നതാണ് പൊതുവായ അഭിപ്രായമെന്ന് അവര്‍ പറഞ്ഞു. ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടുകള്‍ക്കെതിരെ സെബി നേരത്തെ നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Digital Gold

തങ്ങള്‍ നിയന്ത്രിക്കുന്ന സ്വര്‍ണ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഇവ വ്യത്യസ്തമാണെന്നും, ഇവയെ സെക്യൂരിറ്റികളായി വിജ്ഞാപനം ചെയ്തിട്ടില്ലെന്നും കമ്മോഡിറ്റി ഡെറിവേറ്റീവുകളായി നിയന്ത്രിക്കുന്നില്ലെന്നും റെഗുലേറ്റര്‍ സെബി സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഇവ പൂര്‍ണമായും സെബിയുടെ അധികാരപരിധിക്ക് പുറത്താണ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്.

വ്യവസായ മേഖലയിലെ കണക്കുകള്‍ പ്രകാരം, ഏകദേശം 3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആസ്തികള്‍ ഡിജിറ്റല്‍ ഗോള്‍ഡ് മേഖല കൈകാര്യം ചെയ്യുന്നുണ്ട്. ഒരു ഇടപാടിന്റെ ശരാശരി മൂല്യം 100 രൂപയാണ്. 'നിക്ഷേപകര്‍ക്കിടയില്‍ ഡിജിറ്റല്‍ ഗോള്‍ഡിന് സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണുള്ളത്. എന്നാല്‍ നിലവില്‍ ഇതൊരു നിയന്ത്രണങ്ങളില്ലാത്ത മേഖലയാണ്,' ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതിനാല്‍ ഇതിനെ നിയന്ത്രണ അതോറിറ്റികളുടെ മേല്‍നോട്ടത്തിന് കീഴില്‍ കൊണ്ടുവരണം എന്നും തങ്ങള്‍ സര്‍ക്കാരിന് ഇത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം കാരണം, വിശ്വാസയോഗ്യമല്ലാത്ത ചില ഓപ്പറേറ്റര്‍മാര്‍ ഈ മേഖലയിലേക്ക് കടന്നുകയറിയെന്നും, ഇത് നിക്ഷേപകരുടെ സുരക്ഷയെക്കുറിച്ചും കള്ളപ്പണം വെളുപ്പിക്കല്‍ സാധ്യതയെക്കുറിച്ചും ആശങ്കകള്‍ക്ക് വഴിവെച്ചെന്നും അദ്ദേഹം പറഞ്ഞു.

'ആര്‍ബിഐയുടെയും സെബിയുടെയും മേല്‍നോട്ടത്തിന് കീഴില്‍ കൊണ്ടുവരുന്നത് വഴി നിയന്ത്രണങ്ങളിലെ പഴുതുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും, നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള നിയമപരമായ പങ്കാളികള്‍ക്കിടയിലുള്ള അനിശ്ചിതത്വം അവസാനിപ്പിക്കാനും സാധിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മേഖലയിലുള്ളവരും നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്നുണ്ട്.

'ഉപഭോക്താക്കള്‍ക്കിടയിലുള്ള സ്വീകാര്യതയും വിവിധ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കപ്പെട്ട റീട്ടെയില്‍ ഉപഭോക്താക്കളുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയിലെ ഡിജിറ്റല്‍ സ്വര്‍ണ-വെള്ളി വിപണിക്ക് അടിയന്തിരമായി നിയന്ത്രണപരമായ മേല്‍നോട്ടം ആവശ്യമാണ്,' ഡിജിറ്റല്‍ സ്വര്‍ണ രംഗത്തെ പ്രമുഖ കമ്പനിയായ MMTC-PAMP-ന്റെ മാനേജിംഗ് ഡയറക്ടര്‍ സമിത് ഗുഹ പറഞ്ഞു.

MMTC-PAMP, SafeGold തുടങ്ങിയ ബുള്ളിയന്‍ വിതരണക്കാരെയും PhonePe, BharatPe, MobiKwik, Gullak, Lenden Club, CRED തുടങ്ങിയ പ്ലാറ്റ്ഫോമുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട്, ഡിജിറ്റല്‍ സ്വര്‍ണ്ണ പ്ലാറ്റ്ഫോമുകള്‍ ഈ വര്‍ഷം 'ഡിജിറ്റല്‍ പ്രഷ്യസ് മെറ്റല്‍സ് അഷ്വറന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ' എന്ന പേരില്‍ ഒരു സ്വയം നിയന്ത്രണ സമിതി രൂപീകരിച്ചിരുന്നു.

ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതിനായി, സ്വര്‍ണം വാങ്ങുന്നതും വില്‍ക്കുന്നതും സൂക്ഷിക്കുന്നതും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താനും ഏകീകരിക്കാനും ഈ സമിതി ലക്ഷ്യമിടുന്നതായി ഗുഹ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma