18 വര്‍ഷം പഴക്കമുള്ള ചെക്കു കേസില്‍ നടന്‍ ദിലീപ് കുമാര്‍ കുറ്റവിമുക്തന്‍
മുംബൈ: 18 വര്‍ഷം പഴക്കമുള്ള ചെക്കു കേസില്‍ ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ കുറ്റവിമുക്തനാക്കി. മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആണ് 94 വയസുള്ള നടന് ആശ്വാസവുമായി വിധി പ്രസ്താവിച്ചത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളില്‍ നിന്നും നടനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.
1998ലാണ് ദിലീപ് കുമാറിനെതിരെ ചെക്കു മടങ്ങിയതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്ന് ഗ്രീക്കി എക്‌സിം ഇന്ത്യ ലിമിറ്റഡ് എന്ന എക്‌സ്‌പോര്‍ട്ടിങ് കമ്പനിയുടെ ചെയര്‍മാനായിരുന്നു ദിലീപ് കുമാര്‍. കമ്പനിയുടെ പ്രവര്‍ത്തനത്തിന് രാജ്യമെങ്ങുനിന്നും പലരില്‍ നിന്നായി പണം കടം വാങ്ങിയിരുന്നു. ഇതിനു പകരമായി ചെക്കുകള്‍ നല്‍കുകയും ചെയ്തു.

എന്നാല്‍, ചില ചെക്കുകള്‍ അക്കൗണ്ടില്‍ പണമില്ലാത്തതുകാരണം മടങ്ങിയതോടെയാണ് വായ്പ നല്‍കിയവര്‍ പരാതിയുമായി കോടതിയിലെത്തിയത്. കമ്പനിയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്ന ചെയര്‍മാന്‍ അല്ല താനെന്നായിരുന്നു കേസില്‍ ദിലീപ് കുമാറിന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് വര്‍ഷങ്ങള്‍ക്കുശേഷം വിധി വന്നിരിക്കുന്നത്.
ദിലീപ് കുമാര്‍ കമ്പനിയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്ന ഒരാളാണെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളില്‍ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലാണ് ഇപ്പോള്‍ ദിലീപ് കുമാര്‍.












Click it and Unblock the Notifications