ദിപ കര്‍മാകര്‍ക്ക് ആദരം; പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കും
അഗര്‍ത്തല: ഇന്ത്യയിലെ ആദ്യത്തെ ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സ് ദിപ കര്‍മാകര്‍ക്ക് സര്‍ക്കാരിന്റെ ആദരം. ദിപയുടെ ചിത്രമുള്ള തപാല്‍സ്റ്റാമ്പ് പുറത്തിറക്കാന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചു. ശനിയാഴ്ച അഗര്‍ത്തലയില്‍വെച്ചാണ് ഇക്കാര്യം അറിയിച്ചത്. തന്നെ പ്രത്യേക പതിപ്പില്‍ ഉള്‍ക്കൊള്ളിക്കാനുള്ള വകുപ്പിന്റെ തീരുമാനത്തോടെ ദിപ നന്ദി പറഞ്ഞു.
പോസ്റ്റല്‍ വകുപ്പിന്റെ തീരുമാനത്തില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ട്. ഈ അവസരത്തില്‍ കോച്ചിനോടും ത്രിപുരയിലെ ജനങ്ങളോടും പ്രത്യേക നന്ദിയുണ്ട്. അവരാണ് തന്റെ യാത്രയ്ക്ക് പിന്തുണയേകുന്നത്. ഭാവിയിലും മികച്ച പ്രകടനം നടത്താന്‍ തന്നാലാകുന്നത് ചെയ്യുമെന്നും ദിപ പ്രതികരിച്ചു.

ദിപയുടെ ചിത്രം തെരഞ്ഞെടുത്തതോടെ അവരുടെ ഒളിമ്പിക്‌സ് കുതിപ്പ് ജനങ്ങളില്‍ പ്രചോദനമുണ്ടാക്കുമെന്ന് പോസ്റ്റല്‍ ഓഫീസര്‍ വസുമിത്ര പറഞ്ഞു. സ്റ്റാമ്പ് കളക്ഷന്‍ ഒട്ടേറെയാളുകളുടെ ഹോബിയാണ്. ഇനുമുതല്‍ അവരുടെ കളക്ഷനില്‍ ദിപയും ഉള്‍പ്പെടും. കുട്ടികള്‍ക്ക് ദിപയുടെ ജീവിതം പ്രചോദനമാകണമെന്നാണ് തങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടി ചരിത്രത്തില്‍ ഇടംനേടിയ ദിപ ഒളിമ്പിക്‌സില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു. നിര്‍ഭാഗ്യംകൊണ്ടാണ് ദിപയ്ക്ക് ഒളിമ്പിക്‌സ് മെഡല്‍ നഷ്ടപ്പെട്ടത്.












Click it and Unblock the Notifications