നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര ഇടപെടല്‍ വേണം; ദില്ലി ഹൈക്കോടിയില്‍ ഹര്‍ജി
ദില്ലി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമിലെ കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര തലത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിന് യെമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് ബ്ലഡ് മണി കൈമാരാനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ല്‍ ആണ് കൊല്ലപ്പെട്ടത്. ആ കേസില്‍ വധശിക്ഷയില്‍ ഇളവ് ലഭിക്കണമെന്നാണ് നിമിഷ പ്രിയ ലഭിച്ച വധശിക്ഷയില്‍ ഇളവ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ നല്‍കിയ ഹര്‍ജി യെമലിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു.
ക്ലിനിക്ക് തുടങ്ങാനായി സ്വദേശിയായ യുവാവിനെ നിമിഷയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. നിമിഷ പ്രിയയെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ഇയാളുടെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ കോടതിയ്ക്കു മുന്നില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

അതേസമയം സ്ത്രീയെന്ന പരിഗണന നല്‍കണമെന്നും ജീവരക്ഷയ്ക്കായി നടത്തിയ കൊലപാതകമാണെന്നുമാണ് പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അപ്പീല്‍ കോടതിയും ഹര്‍ജി തള്ളിയതോടെ യെമന്‍ പ്രസിഡന്റ് അധ്യക്ഷനായ സുപ്രീം ട്രിബ്യൂണലിനെ സമീപിക്കുക എന്നത് മാത്രമാണ് ഇനി നിമിഷപ്രിയയ്ക്കു മുന്നിലുള്ള നിയമപരമായ മാര്‍ഗം. എന്നാല്‍ അപ്പീല്‍ കോടതി സ്വീകരിച്ച നടപടികള്‍ ശരിയാണോ എന്നു മാത്രമാണ് സുപ്രീം ട്രിബ്യൂണല്‍ പരിശോധിക്കുക എന്നതിനാല്‍ പ്രതീക്ഷ കുറവാണ്.
അതേസമയം, സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് 2016 മുതല്‍ യെമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ നിമിഷപ്രിയയുടെ ബന്ധുക്കള്‍ക്കോ അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ക്കോ യെമനിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ യെമന്‍ പൗരന്റെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ച സ്വദേശി നിമിഷ പ്രിയയെ വീട്ടുതടങ്കലിലാക്കിയെന്നും പീഡിപ്പിച്ചെന്നുമാണ് കുടുംബം പറയുന്നത്. ഇയാളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അബദ്ധത്തിലാണ് യെമന്‍ സ്വദേശിയുടെ കൊലപാതകം നടന്നത്, എന്നാണ് കുടുംബം പറയുന്നത്. നിമിഷ പ്രിയയെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും ആരോപിച്ചിരുന്നു. ഇവിടെ നിന്ന് രക്ഷപെടുന്നതിന്റെ ഭാഗമായി ഇയാളുടെ ശരീരത്തില്‍ അമിതമായി മരുന്ന് കുത്തിവെച്ചെന്നും ഇത് മരണത്തിന് കാരണമായി എന്നുമാണ് ആരോപണം. യെമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാന്റെ സഹായത്തോടെ കൊല നടത്തിയ ശേഷം മൃതദേഹം കെട്ടിടത്തിലെ വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നത്.
കീഴ്‌ക്കോടതിയാണ് നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചത്. കീഴ്‌ക്കോടതി വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവുകയായിരുന്നു നിമിഷ പ്രിയ. എന്നാല്‍ യെമനിലെ ജയിലില്‍ നിമിഷപ്രിയ വിഷമകരമായ സാഹചര്യമാണ് നേരിടുന്നതെന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തിയിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ പ്രിയ. വിചാരണയുടെ ഭാഗമായി നിമിഷ പ്രിയ വര്‍ഷങ്ങളായി യെമനിലെ ജയിലില്‍ കഴിയുകയാണ്. ഇതിനിടയില്‍ ശിക്ഷ ഒഴിവാക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിച്ച് മുന്നോട്ടു പോകുകയായിരുന്നു കുടുംബം.
സ്ത്രീയെന്ന പരിഗണന നല്‍കണമെന്നും ആറു വയസുള്ള മകനും വൃദ്ധയായ മാതാവും ഉണ്ടെന്ന കാര്യങ്ങള്‍ പരിഗണിക്കണമെന്നും നിമിഷ പ്രിയയ്ക്കു വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയക്കുകയോ ചെയ്യണമെന്നാണ് നിമിഷയുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ വാദങ്ങള്‍ കോടതി ചെവിക്കൊണ്ടില്ല. പ്രാദേശിക വികാരവും നിമിഷ പ്രിയയ്ക്ക് എതിരാണ്. വധശിക്ഷയില്‍ നിന്ന് നിമിഷ പ്രിയയ്ക്ക് രക്ഷപ്പെടാനുള്ള വഴി കൊല ചെയ്യപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ്.












Click it and Unblock the Notifications