ആകെയുള്ള രണ്ട് കപ്പലില്‍ എങ്ങനെ ലക്ഷദ്വീപ് ടൂറിസം നടത്തും, ഹെലികോപ്ടറും പരിതാപകരം: ഐഷ സുല്‍ത്താന
ലക്ഷദ്വീപിലേക്കുള്ള ടൂറിസം വ്യാപിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളില്‍ പ്രതികരണവുമായി സംവിധായികയും ലക്ഷദ്വീപ് നിവാസിയുമായ ഐഷ സുല്‍ത്താന. ടൂറിസം കൊണ്ടുവരാനുള്ള നീക്കം നല്ലതാണ് എന്നും എന്നാല്‍ അതിന് മുന്‍പ് അടിസ്ഥാന ആവശ്യങ്ങളായ ആശുപത്രി പോലുള്ള സംവിധാനങ്ങള്‍ വികസിക്കേണ്ടതുണ്ട് എന്നും ഐഷ സുല്‍ത്താന പറഞ്ഞു. വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു ഐഷയുടെ പ്രതികരണം. ഐഷ സുല്‍ത്താനയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് മൂന്ന് ദ്വീപുകളിലേക്കാണ്. അഗത്തി, കവരത്തി, ബംഗാരം. അതില്‍ ബംഗാരം എന്ന ദ്വീപിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ മോദി പോസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗാരം എന്നത് ആള്‍ത്താമസമില്ലാത്ത ദ്വീപാണ്. ആ ദ്വീപ് ടൂറിസത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. അതുവഴി നല്ലൊരു വരുമാനം കേന്ദ്ര സര്‍ക്കാരിനും ലക്ഷദ്വീപ് ഭരണകൂടത്തിനും ലഭിക്കുന്നുണ്ട്.

ബംഗാരം പോലെ തന്നെ ആള്‍ത്താമസമില്ലാത്ത ഒരുപാട് ദ്വീപുണ്ട്. അവയെല്ലാം തന്നെ നല്ല ഭംഗിയുള്ള ദ്വീപുകളാണ്. ടൂറിസത്തിന് പ്രതീക്ഷയുള്ള സ്ഥലമാണ് ലക്ഷദ്വീപ്. ആള്‍ത്താമസമുള്ള ദ്വീപുകളില്‍ കാരിയിംഗ് കപ്പാസിറ്റി കുറവായിരിക്കും. എന്നാല്‍ ആള്‍ത്താമസമില്ലാത്ത ദ്വീപില്‍ കാരിയിംഗ് കപ്പാസിറ്റി കൂടുതലാണ്. ലക്ഷദ്വീപിലേക്കെത്താനുള്ള പ്രോസസ് ബുദ്ധിമുട്ടാണ് എന്ന് നമുക്ക് തോന്നുന്നതാണ്.
നമ്മുടെ സുരക്ഷക്ക് വേണ്ടിയാണ് അത് ചെയ്യുന്നത്. അറബിക്കടലില്‍ ചിന്നിചിതറി കിടക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. നമുക്ക് പണ്ട് പത്ത് കപ്പലുകള്‍ ഉണ്ടായിരുന്നു. അത് ഏഴ് കപ്പലായിട്ട് ചുരുങ്ങി. ഇപ്പോള്‍ അത് രണ്ട് കപ്പലായി. രണ്ട് കപ്പലൊന്നും വെച്ച് നമ്മള്‍ക്ക് ടൂറിസം നടത്താന്‍ പറ്റില്ലല്ലോ. ജനങ്ങള്‍ക്ക് പോലും നേരാവണ്ണം ഉപയോഗിക്കാനുള്ള യാത്രാ മാര്‍ഗങ്ങളില്ല. കപ്പല്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞതില്‍ രണ്ടെണ്ണത്തില്‍ 460 സീറ്റും ഒരെണ്ണത്തില്‍ 700 സീറ്റും രണ്ടെണ്ണത്തില്‍ 200 പ്ലസ് സീറ്റുകളും ആണ് ഉള്ളത്.
ഇതുവെച്ച് എങ്ങനെ ടൂറിസം നടത്തും. ലക്ഷദ്വീപിലേക്ക് വികസനവും ടൂറിസവും ആണ് ആഗ്രഹിക്കുന്നതെങ്കില്‍ 1500-2000 സീറ്റുകള്‍ ഉള്ള മൂന്ന് കപ്പലുകളെങ്കിലും വേണം. ലക്ഷദ്വീപില്‍ ഇപ്പോഴുള്ള ഹെലികോപ്ടറിന്റെ അവസ്ഥ വലിയ പരിതാപകരമാണ്. അത് തന്നെ മെഡിക്കല്‍ എമര്‍ജന്‍സിക്ക് ഉപയോഗിക്കാനുള്ളതാണ്. പത്ത് ദ്വീപുകളിലും എന്തെങ്കിലും ആവശ്യം വന്നാല്‍ ഈ ഹെലികോപ്ടര്‍ മാത്രമാണ് ആശ്രയം.
കവരത്തിയില്‍ എല്ലാ സൗകര്യങ്ങളും ഉള്ള ആശുപത്രിയും ഡോക്ടര്‍മാരും ഉണ്ടെങ്കില്‍ മെഡിക്കല്‍ എമര്‍ജന്‍സിയെ തരണം ചെയ്യാനാകും. അത് വഴി എയര്‍ ആംബുലന്‍സ് ഫ്രീയാകുകയും അവയെ ടൂറിസത്തിന് വിട്ട് കൊടുക്കാനും സാധിക്കും. അല്ലെങ്കില്‍ പുതുതായി കുറെ ഹെലികോപ്ടറുകള്‍ സര്‍വീസ് നടത്തി തുടങ്ങണം.'












Click it and Unblock the Notifications