'അവര്‍ രാജ്യത്തിന്റെ അഭിമാനം, ഈ കാഴ്ച ഹൃദയഭേദകം'; ഗുസ്തി താരങ്ങളെ പിന്തുണച്ച് അഞ്ജലി മേനോന്‍
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് സംവിധായിക അഞ്ജലി മേനോന്‍. രാജ്യത്തിന്റെ മുന്‍നിര ഗുസ്തി താരങ്ങള്‍ ഇത്തരത്തില്‍ അപമാനത്തിന് വിധേയരാകുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നു എന്ന് അഞ്ജലി മേനോന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു അഞ്ജലി മേനോന്റെ പ്രതികരണം.
ഒരു സമൂഹത്തെ അളക്കുന്നത് സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് എന്ന് അഞ്ജലി മേനോന്‍ പറഞ്ഞു. സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കണം എന്നും സുരക്ഷിതമായി തൊഴില്‍ അന്തരീക്ഷം ഒരുക്കണം എന്നും അവര്‍ വ്യക്തമാക്കി. അഞ്ജലി മേനോന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് ഒരു സമൂഹത്തെ അളക്കുന്നത്. രാജ്യത്തെ ഗുസ്തി താരങ്ങള്‍ ഇത്തരത്തില്‍ അപമാനത്തിന് വിധേയരാകുന്നത് കാണുന്നത് ഹൃദയഭേദകമാണ്. ഈ സ്ത്രീകളോരോരുത്തരും വലിയ പോരാട്ടത്തിനൊടുവിലാണ് ഉയരങ്ങള്‍ കീഴടക്കിയത്. അവര്‍ക്ക് അര്‍ഹമായ നീതി നേടിക്കൊടുക്കാനാകണം.
ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര അവര്‍ക്കൊപ്പം നില്‍ക്കുന്നത് കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. കായിക സംഘടനകളിലുടനീളം സ്വതന്ത്രമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍, അത് അങ്ങേയറ്റം സംവേദനക്ഷമതയോടെയും ആദരവോടെയും കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് നമുക്ക് ഉറപ്പാക്കാനാകണം.
ഓരോ കായിക താരവും സുരക്ഷിതമായ അന്തരീക്ഷം അര്‍ഹിക്കുന്നു. ഒരു രാജ്യം എന്ന നിലയില്‍ നാം ആരാധിക്കുന്ന നിരവധി കായിക നായകന്‍മാര്‍ക്ക് ഇത് പ്രചോദനമായി മുന്നോട്ട് വരുമെന്ന് ഞാന്‍ കരുതുന്നു, എന്നാണ് അഞ്ജലി മേനോന്‍ കുറിപ്പില്‍ പറയുന്നത്. ഞായറാഴ്ച ഡല്‍ഹിയില്‍ ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ ഗുസ്തി താരങ്ങളെ പൊലീസ് റോഡില്‍ വലിച്ചിഴക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ചിത്രങ്ങള്‍ പങ്ക് വെച്ച് കൊണ്ടാണ് അഞ്ജലി മേനോന്റെ പ്രതികരണം. നേരത്തെ നടി അപര്‍ണ ബാലമുരളിയും ഗുസ്തി താരങ്ങളെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിന്റെ ചിത്രം പങ്ക് വെച്ച് കൊണ്ട് ഹൃദയഭേദകം എന്നാണ് അപര്‍ണ ബാലമുരളി പറഞ്ഞത്.
നമ്മുടെ ചാമ്പ്യന്മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്നത് ഹൃദയഭേദകമാണ് എന്ന് അപര്‍ണ പറഞ്ഞു. ഇതിനൊപ്പം നീതി വൈകുന്നത് നീതി നിഷേധമാണ് എന്ന ഹാഷ് ടാഗും ചേര്‍ത്തിരുന്നു. അതേസമയം ജന്തര്‍ മന്തറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുകയാണ്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications