'അക്കിയെ വിട്ടൊരു കളിയുമില്ല'; വീണ്ടും പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം; ഇക്കുറി മറ്റൊരു സൂപ്പര്‍സ്റ്റാറും
മലയാളി പ്രേക്ഷകരെ പോലെ ബോളിവുഡ് പ്രേക്ഷകര്‍ക്കും ഒരല്‍പം ഇഷ്ടക്കൂടുതല്‍ ഉള്ള സംവിധായകനാണ് പ്രിയദര്‍ശന്‍. കാരണം പ്രിയദര്‍ശന്‍ സിനിമകളെല്ലാം ബോളിവുഡ് പ്രേക്ഷകരെ മനസു നിറച്ച് ചിരിപ്പിച്ചിട്ടുണ്ട്. അക്ഷയ് കുമാര്‍-പ്രിയദര്‍ശന്‍ കോമ്പോയില്‍ ഇറങ്ങിയ ഹിന്ദി സിനിമകളെല്ലാം ബോളിവുഡ് പ്രേക്ഷകരും മലയാളി പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചിട്ടുണ്ട്.
ഇപ്പോള്‍ അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഭൂത് ബംഗ്ലാ എന്ന ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കോമഡി-ഹൊറര്‍ വിഭാഗത്തിലുള്ള ചിത്രം അടുത്ത വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയദര്‍ശനും അക്ഷയ്കുമാറും ഈ ചിത്രത്തിനു വേണ്ടി ഒന്നിച്ചത്. ഇപ്പോഴിതാ ആരാധകര്‍ക്ക് ഇരട്ടി മധുരം എന്നപോലെ പുതിയൊരു സര്‍പ്രൈസ് പൊട്ടിച്ചിരിക്കുകയാണ് പ്രിയദര്‍ശന്‍.

അക്ഷയ് കുമാറുമൊത്ത് വീണ്ടുമൊരു ചിത്രത്തിന്റെ പ്രഖ്യാപനമാണ് പ്രിയദര്‍ശന്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ സര്‍പ്രൈസ് അതല്ല, ഈ ചിത്രത്തില്‍ അക്ഷയ് കുമാറിനൊപ്പം മറ്റൊരു ബോളിവുഡ് താരം കൂടിയുണ്ട്. സെയ്ഫ് അലി ഖാനും ഈ ചിത്രത്തിലുണ്ട് എന്നതാണ് സവിശേഷത.
രണ്ടു ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഉള്ള പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയദര്‍ശന്‍ നടത്തിയത്. ഹൈവാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ - ഹൈവാന്‍, അക്ഷയ് കുമാറിനും സൈഫ് അലി ഖാനും ഒപ്പമുള്ള എന്റെ അടുത്ത ചിത്രം ലോര്‍ഡ്‌സില്‍'. ഇതു മാത്രമാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. രണ്ടു താരങ്ങളും ഒരുമിച്ച് നില്‍ക്കുന്ന ഒരു ചിത്രവും പങ്കിട്ടിട്ടുണ്ട്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടക്കുന്ന ലോര്‍ഡ്‌സില്‍ ഇരുവരും നില്‍ക്കുന്ന ചിത്രമാണ് പങ്കിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ മറ്റു കാര്യങ്ങള്‍ ഒന്നും തന്നെ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിട്ടില്ല. എങ്കിലും രണ്ടു ബോളിവുഡ് താരങ്ങള്‍ ഒരുമിക്കുന്നു എന്ന പ്രഖ്യാപനം വന്നതോടെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. 2016 - ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിന്റെ റീമേക്ക് ആണിതെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. കാഴ്ചശേഷിയില്ലാത്ത കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ ഇതില്‍ അഭിനയിച്ചത്.
17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒരുമിച്ച് അഭിനയിക്കുന്നത്. ഇതാദ്യമായാണ് ചിത്രത്തെക്കുറിച്ച് പ്രിയദര്‍ശന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. അതേസമയം നിരവധി പേരാണ് പ്രിയദര്‍ശന് ആശംസകളുമായി എത്തുന്നത്. നടന്‍ ഇര്‍ഷാദ് ഉള്‍പ്പെടെയുള്ളവര്‍ സംവിധായകന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. അക്കിയെ വിട്ടൊരു കളിയുമില്ല എന്നാണ് ഒരു പ്രേക്ഷകന്‍ രസകരമായി കമന്റ് ചെയ്തിരിക്കുന്നത്. അക്കി എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ അക്ഷയ് കുമാറിനെ വിളിക്കുന്നത്.
ഹേരാ ഫേരി, ഗരം മസാല, ഭഗം ഭാഗ്, ദേ ദന ദാന്‍, ഭൂല്‍ ഭുലയ്യ, ഖട്ട മീത്ത തുടങ്ങി അക്ഷയ് കുമാര്‍-പ്രിയദര്‍ശന്‍ കോമ്പോയിലിറങ്ങിയ ചിത്രങ്ങളെല്ലാം ബോളിവുഡ് പേക്ഷകരെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications